ഹെഡ്ലാമ്പ് ഉള്‍പ്പെടെ ഒരുപിടി പുത്തന്‍ ഫീച്ചറുകളുമായി പുതിയ ഹോണ്ട ആക്ടിവ 125 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. മൂന്നു വകഭേദങ്ങള്‍ പുതിയ ആക്ടിവ 125 -ല്‍ ലഭ്യമാണ്. 59,621 രൂപ വിലയില്‍ പ്രാരംഭ ഡ്രം ബ്രേക്ക് മോഡല്‍ അണിനിരക്കുമ്പോള്‍ ഡ്രം ബ്രേക്കും അലോയ് വീലുകളുമുള്ള മോഡലിന് 61,558 രൂപയാണ് വില. 64,007 രൂപയാണ് ഏറ്റവും ഉയര്‍ന്ന ആക്ടിവ 125 ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് വില. വിലകള്‍ ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. ഇനി മുതല്‍ മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് സെലീന്‍ സില്‍വര്‍ നിറങ്ങളില്‍ കൂടി ആക്ടിവ 125 ലഭ്യമാകും.
ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനെ ഹോണ്ട പരിഷ്‌കരിച്ചിട്ടുണ്ട്. ഇക്കോ മോഡ്, സര്‍വീസ് കാലയളവ് സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്റര്‍, ഫോര്‍ ഇന്‍ വണ്‍ ലോക്ക്, സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് എന്നിവ പുതിയ സ്‌കൂട്ടറിന്റെ ഫീച്ചറുകളില്‍പ്പെടും. മൊബൈല്‍ ചാര്‍ജ്ജിംഗ് സോക്കറ്റ് ഓപ്ഷനല്‍ ആക്സസറിയാണ്. കോസ്മറ്റിക് അപ്ഡേറ്റുകള്‍ മാത്രമാണ് പുതിയ ആക്ടിവ 125 -ന് ഹോണ്ട നല്‍കിയിരിക്കുന്നത്. എഞ്ചിനില്‍ മാറ്റങ്ങളില്ല.
നിലവിലുള്ള 124.9 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ സ്‌കൂട്ടറില്‍ തുടരുന്നു. എഞ്ചിന് 8.5 bhp കരുത്തും 10.54 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും മൂന്ന വിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് പിന്നിലും സ്‌കൂട്ടറില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. ലോഹ നിര്‍മ്മിത ബോഡി പാനലുകളാണ് ആക്ടിവ 125 -ന്. പ്രാരംഭ, ഇടത്തര വകഭേദങ്ങളില്‍ 130 mm ഡ്രം യൂണിറ്റുകളാണ് ഇരുടയറുകളിലും ബ്രേക്കിംഗ് നിര്‍വഹിക്കുക. അതേസമയം 190 mm മുന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പമാണ് ഏറ്റവും ഉയര്‍ന്ന ആക്ടിവ മോഡലിന്റെ ഒരുക്കം.