ദക്ഷിണേന്ത്യ പിടിച്ചടക്കി ഹോണ്ട; വില്‍പ്പന 1.5 കോടി പിന്നിട്ടു

2001-ല്‍ ആരംഭിച്ചതിനുശേഷം ദക്ഷിണേന്ത്യയിലെ മൊത്തം ഇരുചക്രവാഹന വില്‍പ്പന 1.5 കോടി പിന്നിട്ടതായി ഹോണ്ട. രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ ഒന്നാം നമ്പര്‍ ഇരുചക്ര വാഹന ബ്രാന്‍ഡായി തുടരുന്നുവെന്നും കമ്പനി അറിയിച്ചു. കര്‍ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 1.5 കോടി വില്‍പ്പന നാഴികക്കല്ല് നേടാന്‍ കമ്പനി 20 വര്‍ഷമെടുത്തുവെന്നും ഹോണ്ട ടു വീലര്‍ ഇന്ത്യ പറഞ്ഞു. ഇതില്‍ ആദ്യത്തെ 75 ലക്ഷം വില്‍പ്പന നേടാന്‍ 15 വര്‍ഷമെടുത്തു (2001 – 2016).

എങ്കിലും, ഏറ്റവും പുതിയ 75 ലക്ഷം വില്‍പ്പന വെറും 5 വര്‍ഷം (2017 – 2021) കൊണ്ട് കൈവരിക്കാന്‍ സാധിച്ചു. തെക്കന്‍ മേഖലയില്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ 3 മടങ്ങ് വേഗത്തിലുള്ള വളര്‍ച്ചയും സ്വീകാര്യതയുമാണ് ഇതിന് സഹായിച്ചതെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഹോണ്ടയെ തെക്ക് മൊബിലിറ്റിയില്‍ ആദ്യമായി തെരഞ്ഞെടുത്തതിന് ഞങ്ങളുടെ 1.5 കോടി ഉപഭോക്താക്കളോട് നന്ദി പറയുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു.

രണ്ടു പതിറ്റാണ്ടിനിടയില്‍ നേടിയ ഈ വിശ്വാസവും വിശ്വസ്തതയും ഹോണ്ടയെ ഈ മേഖലയിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാക്കി മാറ്റിയെന്നും, ഭാവിയിലും ഹോണ്ടയില്‍ നിന്ന് വളരെയധികം ആവേശകരമായ വാഹന നിര പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ബ്രാന്‍ഡിന്റെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് തെക്കന്‍ മേഖലയാണെന്നും കമ്പനി വ്യക്തമാക്കി. ഹോണ്ട ആക്ടിവ, ഡിയോ സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് വിപണിയില്‍ ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡാണ് ഉള്ളത്.

ബ്രാന്‍ഡിന്റെ ആഭ്യന്തര ബൈക്കിനും സ്‌കൂട്ടര്‍ നിരയ്ക്കും ഒപ്പം മേഖലയിലുടനീളം ഒന്നിലധികം പ്രീമിയം ഡീലര്‍ഷിപ്പുകളും കമ്പനിക്ക് ഉണ്ട്. ഹോണ്ട നിലവില്‍ ഒരു ബിഗ് വിംഗ് ടോപ്പ്ലൈനും 5 ബിഗ് വിംഗ് ഷോറൂമുകളും പ്രവര്‍ത്തിക്കുന്നു. ഇത് രാജ്യത്ത് 300 സിസി – 1800 സിസി ഇരുചക്ര വാഹന വിഭാഗത്തെ മാത്രം പരിപാലിക്കുന്നു. അടുത്തിടെയാണ് നിര്‍മ്മാതാക്കള്‍ ഹൈനെസ് CB350 എന്നൊരു മോഡലിനെ അവതരിപ്പിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തകയായിരുന്ന ശ്രേണിയില്‍ വലിയ മാറ്റങ്ങള്‍ ഈ മോഡലിന് സൃഷ്ടിക്കാനായെന്നും കമ്പനി അവകാശപ്പെടുന്നു. ഏകദേശം 10,000-ലധികം യൂണിറ്റുകളുടെ വില്‍പ്പന മോഡലില്‍ ബ്രാന്‍ഡിന് ലഭിച്ചു. വില്‍പ്പന ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കുന്നത്. ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ് വിംഗിലൂടെയാണ് ബൈക്കിന്റെ വില്‍പ്പന നടക്കുന്നത്.

Top