കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മാതാക്കളായ ഹോണ്ട കാര്‍സിന്റെ ഷോറും പ്രവര്‍ത്തനം പുനരാരംഭിച്ചു. ഹോണ്ടയുടെ രാജ്യത്തുടനീളമുള്ള 155 സര്‍വ്വീസ് ഔട്ട്‌ലെറ്റുകളും 118 ഷോറൂമുകളുമാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിനായി ഹോണ്ട നിര്‍മിച്ച സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് നല്‍കിയിരുന്നു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട ജാഗ്രത നടപടികള്‍ ഉള്‍പ്പെടുത്തിയാണ് എസ്.ഒ.പി പുറത്തിറക്കിയിരിക്കുന്നത്.
ഷോറൂമുകളുടെയും സര്‍വ്വീസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് സൗകര്യങ്ങള്‍ വിലയിരുത്തണമെന്നും ഉപകരണങ്ങളുടെ ഫിറ്റ്‌നെസ് പരിശോധിക്കണമെന്നും വ്യക്തിഗത ശുചിത്വത്തിനും സുരക്ഷയ്ക്കുമുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നുമുള്ള മുന്നറിയിപ്പുകളാണ് എസ്.ഒ.പിയില്‍ പ്രധാനമായും പരാമര്‍ശിച്ചിരിക്കുന്നത്.
സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈനാകുമെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. ഇതിനുപുറമെ, ഉപയോക്താക്കള്‍ക്ക് ജീവനക്കാരുമായി സംവദിക്കാന്‍ നവമാധ്യമ സംവിധാനമൊരുങ്ങും. ഡീലര്‍ഷിപ്പുകളിലേക്ക് ഉപയോക്താക്കളും ജീവനക്കാരും എത്തുമ്പോഴും ടെസ്റ്റ് ഡ്രൈവുകളിലും, വില്‍പ്പന നടപടികളിലും, കാര്‍ സര്‍വ്വീസിങ്ങിലും, റോഡ് ടെസ്റ്റുകളും ഷോപ്പ് ഫ്‌ളോര്‍ കൈകാര്യം ചെയ്യുമ്പോഴും, കസ്റ്റമര്‍ക്ക് വാഹനം മടക്കി നല്‍കുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാര്‍ഗങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഹോണ്ട അറിയിച്ചു.