Honda CD 110 Dream Deluxe variant launched

മൈലേജ് മന്ത്രവുമായി ഹോണ്ട വിപണിയിലെത്തിച്ച ബൈക്കാണ് സിഡി ഡ്രീം 110. ദൈനംദിന ഉപയോഗത്തിന് ഏറെ അനുയോജ്യമായ മികവുകളുമായി എത്തിയ ഈ കമ്യൂട്ടര്‍ ബൈക്കിന്റെ പരിഷ്‌കരിച്ച മോഡല്‍ ഇക്കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട പരിചയപ്പെടുത്തി. സിഡി ഡ്രീം 110 ഡി.എക്‌സ്. പുതിയ സെല്‍ഫ് സ്റ്റാര്‍ട്ട് മോട്ടോര്‍ സ്ഥാനം നേടി എന്നതാണ് പരിഷ്‌കരിച്ച മോഡലിലെ ശ്രദ്ധേയ മാറ്റം.

മികച്ച മൈലേജ്, മിതമായ വില, ഒതുക്കമുള്ള രൂപകല്പന, സുഖകരമായ റൈഡിംഗ് പൊസിഷന്‍ എന്നീ മികവുകള്‍ സാധാരണക്കാര്‍ക്കിടെയില്‍ സ്വീകാര്യത നേടാന്‍ പുതിയ സിഡി ഡ്രീമിനെ സഹായിക്കും. മുന്‍ഗാമിയിലെ 109.19 സിസി 4 സ്‌ട്രോക്ക്, എയര്‍കൂളായ എസ്‌ഐ എന്‍ജിന്‍ തന്നെയാണ് പുതിയ മോഡലിലുമുള്ളത്.

7500 ആര്‍പിഎമ്മില്‍ 8.25 ബിഎച്ച്പിയാണ് എന്‍ജിന്‍ കരുത്ത്. ഉയര്‍ന്ന ടോര്‍ക്ക് 5500 ആര്‍പിഎമ്മില്‍ 8.63 ന്യൂട്ടര്‍ മീറ്റര്‍. നാല് ഗിയറുകളേയുള്ളൂ. ഇന്ധനടാങ്കില്‍ പരമാവധി എട്ടു ലിറ്റര്‍ പെട്രോള്‍ നിറയും. ലിറ്ററിന് 70 74 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.

സിറ്റിയില്‍ 65 കിലോമീറ്റര്‍ വരെ മൈലേജ് പ്രതീക്ഷിക്കാം. എക്‌സ്‌ഷോറൂം വില 46,000 രൂപയാണെന്നത് കൂടി ചേരുമ്പോള്‍ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന ബൈക്കായി ഹോണ്ടയുടെ ഈ ‘ഡ്രീം’ ബൈക്ക് മാറുന്നു.

Top