honda CD110 dream bike in india

കമ്യൂട്ടര്‍ ബൈക്കായ ‘സി ഡി 110 ഡ്രീമി’ന്റെ ഡീലക്‌സ് പതിപ്പ് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ(എച്ച് എം എസ് ഐ) വില്‍പ്പനയ്‌ക്കെത്തിച്ചു. കിക്ക് സ്റ്റാര്‍ട്ടിനൊപ്പം സെല്‍ഫ് സ്റ്റാര്‍ട്ട് സംവിധാനത്തോടെ ലഭിക്കുന്ന ബൈക്കിന് 46,197 രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില. അതേസമയം, കിക്ക് സ്റ്റാര്‍ട്ട് സൗകര്യം മാത്രമുള്ള അടിസ്ഥാന മോഡല്‍ 43,997 രൂപയ്ക്കു ഡല്‍ഹി ഷോറൂമില്‍ ലഭിക്കും. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ എച്ച് എം എസ് ഐ പ്രദര്‍ശിപ്പിച്ച മോഡലാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കു തയാറായിരിക്കുന്നത്. ഈ വകഭേദത്തിലെ പുതുമയായി കറുപ്പ് നിറത്തിലെ പച്ച സ്‌ട്രൈപ്പുകളും ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. ഇതടക്കം നാലു നിറങ്ങളില്‍ പുതിയ ‘ഡ്രീം ഡീലക്‌സ്’ വിപണിയിലുണ്ടാവും.

രണ്ടു വര്‍ഷം മുമ്പ് 2014ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ വിപണിയുടെ സ്വീകാര്യത നേടാന്‍ ‘സി ഡി 110 ഡ്രീമി’നു കഴിഞ്ഞിട്ടുണ്ടെന്നാണ് എച്ച് എം എസ് ഐയുടെ അവകാശാവാദം. സെല്‍ഫ് സ്റ്റാര്‍ട്ട് സൗകര്യം കൂടിയെത്തുന്നതോടെ ബൈക്കിന്റെ വില്‍പ്പന ഇനിയുമയരുമെന്നും കമ്പനി കരുതുന്നു. നീളമേറിയ സീറ്റ്, ട്യൂബ്രഹിത സീറ്റ്, വിസ്‌കസ് എയര്‍ ഫില്‍റ്റര്‍, പരിപാലനം ആവശ്യമില്ലാത്ത ബാറ്ററി എന്നിവയും ബൈക്കിന്റെ സവിശേഷതകളായി കമ്പനി നിരത്തുന്നു. സെല്‍ഫ് സ്റ്റാര്‍ട്ടിന്റെ സാന്നിധ്യത്തിനപ്പുറം സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാണു പുതിയ ‘ഡ്രീം ഡീലക്‌സി’ന്റെ വരവ്. ബൈക്കിനു കരുത്തേകുന്നത് മുമ്പത്തെ 109.2 സി സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെ, 7,500 ആര്‍ പി എമ്മില്‍ 8.25 ബി എച്ച് പി വരെ കരുത്തും 5,500 ആര്‍ പി എമ്മില്‍ 8.63 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. നാലു സ്പീഡ് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. ഹോണ്ട ഇകോ ടെക്‌നോളജി(എച്ച് ഇ ടി)യുടെ പിന്‍ബലത്തില്‍ ലീറ്ററിന് 74 കിലോമീറ്ററാണ് ഈ എന്‍ജിന് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

Top