സിറ്റി സെഡാനെ പുതുക്കി ‘ഹോണ്ട സിറ്റി ZX’ ഇന്ത്യന്‍ വിപണിയില്‍ ; വില 12.57 ലക്ഷം രൂപ

കൂടുതല്‍ സൗകര്യങ്ങളും സവിശേഷതകളുമായി പുതിയ ഹോണ്ട സിറ്റി ZX ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. സിറ്റി സെഡാന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണിത്. പെട്രോള്‍ – മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പില്‍ മാത്രമാണ് സിറ്റി ZX നെ നിരത്തിലെത്തിച്ചിരിക്കുന്നത്. 12.57 ലക്ഷം രൂപയാണ് വിപണിയില്‍ കാറിന് വില. റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് നിറങ്ങളാണ് മോഡലിന് നല്‍കിയിരിക്കുന്നത്.

ആറു എയര്‍ബാഗുകള്‍, വണ്‍ടച്ച് ഇലക്ട്രിക് സണ്‍റൂഫ്, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, മഴ പെയ്താല്‍ താനെ പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍ എന്നിങ്ങനെ ധാരാളം ഫീച്ചറുകള്‍ സിറ്റി ZXല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൂര്‍ണ എല്‍ഇഡി പാക്കേജാണ് മോഡലിന്റെ മറ്റൊരു വിശേഷം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, നൂതനമായ ഇന്‍ലൈന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഫോഗ്‌ലാമ്പുകളും എല്‍ഇഡി ടെയില്‍ലാമ്പുകളും ഇതില്‍പ്പെടും. 16 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളും മോഡലില്‍ ഉണ്ട്.

ഹോണ്ട സിറ്റി പെട്രോളിലുള്ള നാലു സിലിണ്ടര്‍ 1.5 ലിറ്റര്‍ iVTEC എഞ്ചിന് 117 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 98.6 bhp കരുത്തും 200 Nm torque മുള്ള 1.5 ലിറ്റര്‍ അലൂമിനിയം ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും സിറ്റിയില്‍ ലഭ്യമാണ്. ആറു സ്പീഡാണ് ഡീസല്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

Top