ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട ക്വാർട്ടർ ലിറ്റർ, ഡ്യുവൽ പർപ്പസ് CRF250L, CRF250L റാലി മോട്ടോർസൈക്കിളുകളുടെ 2021 ആവർത്തനം പുറത്തിറക്കി. പുതിയ പതിപ്പിൽ ഹോണ്ട പരിചയപ്പെടുത്തുന്നത് മെക്കാനിക്കൽ, വിഷ്വൽ അപ്‌ഗ്രേഡുകളാണ്. സ്റ്റൈലിംഗിന്റെ കാര്യത്തിൽ 2021 മോഡലുകൾക്ക് ഒരു CRF450R കോംപറ്റീഷൻ മോട്ടോക്രോസ് മെഷീൻ പ്രചോദിത രൂപകൽപ്പനയും പുതിയ എൽഇഡി ഹെഡ്‌ലൈറ്റും എൽഇഡി ബ്ലിങ്കറുകളും ലഭിക്കുന്നുണ്ട്.
കാറ്റിൽ നിന്ന് സംരക്ഷണം നൽകുന്ന ഒരു വലിയ വിൻഡ്‌സ്ക്രീൻ, കൗൾ എന്നിവയിൽ നിന്ന് റാലി മോഡലിന് കൂടുതൽ പ്രയോജനം ലഭിക്കുന്നു. എക്‌സ്ട്രീം റെഡ് പെയിന്റ് ഓപ്ഷനിലും രണ്ട് മോഡലുകളും തെരഞ്ഞെടുക്കാൻ സാധിക്കും. 2021 ഹോണ്ട CRF250L, CRF250L റാലി എന്നിവ 249 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, DOHC എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ യൂണിറ്റ് 9,000 rpm-ൽ 24 bhp കരുത്തും 6,500 rpm-ൽ 23 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.
പുതിയ മോഡലുകൾക്ക് പുതിയതായി രൂപകൽപ്പന ചെയ്ത എയർ ക്ലീനർ, എക്‌സ്‌ഹോസ്റ്റ് പൈപ്പ്, മഫ്ലർ എന്നിവയും ഹോണ്ട സമ്മാനിക്കുന്നുണ്ട്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ട് വീലുകളിലും ഹൈഡ്രോളിക് ഡിസ്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളിൽ സ്വിച്ചു ചെയ്യാവുന്ന ഇരട്ട-ചാനൽ എബിഎസും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. സസ്പെൻഷൻ സജ്ജീകരണത്തിലും മാറ്റങ്ങൾ അവതരിപ്പിക്കുന്നുണ്ട്.