ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹോണ്ട ജനപ്രിയ മോഡല്‍ ഷൈനിന്റെ വില വര്‍ദ്ധിപ്പിച്ചു. 1,072 രൂപയാണ് കൂട്ടിയതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാണ്. ഇതോടെ ഡ്രം പതിപ്പിന്റെ എക്സ്-ഷോറൂം വില 76,093 രൂപയായും ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ വില 80,926 രൂപയായും കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020 ഫെബ്രുവരിയിലാണ് ബി എസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിനും ഒപ്പം പേരില്‍ നിന്ന് സിബി ഒഴിവാക്കി ഷൈന്‍ എത്തുന്നത്. എസ്പി 125-ന് സമാനമായ എന്‍ജിന്‍ പരിഷ്‌കാരങ്ങളാണ് ഷൈനിലും ലഭിക്കുന്നത്. 124.73 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ചു.
ഇതിന്റെ ഭാഗമായി ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി. പരിഷ്‌കരിച്ച എന്‍ജിന്‍ 7500 അര്‍പിഎമ്മില്‍ 10.72 ബിഎച്പി പവറും 6000 അര്‍പിഎമ്മില്‍ 10.9 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്. കരുത്ത് ചെറിയതോതില്‍ വര്‍ദ്ധിച്ചതോടൊപ്പം ഷൈനിന്റെ മൈലേജ് 14 ശതമാനം കൂടിയിട്ടുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു. 4-സ്പീഡ് ഗിയര്‍ബോക്സിന് പകരം 5-സ്പീഡ് ഗിയര്‍ബോക്സ് ആണ് ബിഎസ്6 ഷൈനില്‍ ലഭിക്കുന്നത്.
ഗ്രൗണ്ട് ക്ലിയറന്‍സ് 5 എംഎമ്മും വീല്‍ബേസ് 19 എംഎം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കറുപ്പ്, ജെനി ഗ്രേ മെറ്റാലിക്, റിബല്‍ റെഡ് മെറ്റാലിക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് ഹോണ്ട ഷൈന്‍ ബിഎസ്6 വിപണിയിലുള്ളത്. ടു-വേ എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച്, ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഷൈനിലെ പ്രധാന ഫീച്ചറുകള്‍.
പുതിയ ബോഡി ഗ്രാഫിക്‌സിനൊപ്പം ധാരാളം ക്രോം ഹൈലൈറ്റുകള്‍ ബിഎസ്6 ഷൈനില്‍ കൂട്ടിച്ചേര്‍ത്തു. 2006 ല്‍ ആണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആദ്യമായി ഷൈന്‍ മോട്ടോര്‍ സൈക്കിളിനെ വിപണിയിലെത്തിക്കുന്നത്. അടുത്തിടെ 90 ലക്ഷം വില്‍പ്പന എന്ന നാഴികക്കല്ല് ഷൈന്‍ പിന്നിട്ടിരുന്നു.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഷൈന്‍ വിപണിയില്‍ മികച്ചപ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ഹോണ്ട പറയുന്നു. ആദ്യ ലോഞ്ചിന് ശേഷമുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 125 സിസി മോട്ടോര്‍സൈക്കിളായി ഇത് മാറി. 54 മാസത്തിനുള്ളില്‍ ആദ്യത്തെ 10 ലക്ഷം ഉപഭോക്താക്കള്‍ ബൈക്കിനെ തേടിയെത്തി.
2013 ആയപ്പോഴേക്കും രാജ്യത്ത് വില്‍ക്കുന്ന ഓരോ മൂന്നാമത്തെ 125 സിസി മോട്ടോര്‍സൈക്കിളും ഒരു ഷൈന്‍ ആയിരുന്നു. 2014ലാണ് ബൈക്ക് 30 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിടുന്നത്. 2018 ആകുമ്പോഴേക്കും വില്‍ക്കുന്ന ഓരോ സെക്കന്‍ഡിലും 125 സിസി മോട്ടോര്‍സൈക്കിള്‍ ഒരു ഷൈന്‍ ആയിരുന്നു.
കാലാനുസൃതമായി അപ്ഡേറ്റുകള്‍ ലഭിച്ചതുകൊണ്ടാണ് ഷൈനിന്റെ ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണമെന്ന് കമ്പനി പറയുന്നു. ബജാജ് ഡിസ്‌കവര്‍ 125, ഹീറോ ഗ്ലാമര്‍ ഐ 3, ബജാജ് പള്‍സര്‍ 125 എന്നിവയാണ് ബൈക്കിന്റെ മുഖ്യ എതിരാളികള്‍.