ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ എസ്പി സ്‌പോര്‍ട്‌സ് എഡിഷന്‍ 90,567 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും യുവാക്കളെ ഉദ്ദേശിച്ച് നിര്‍മ്മിക്കുന്ന മോഡലിന് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലും ഇത് പരിമിത കാലത്തേക്ക് ലഭ്യമാകും.
ഹോണ്ട എസ്പി125 സ്പോര്‍ട്സ് പതിപ്പിന് കോസ്മെറ്റിക് അപ്ഡേറ്റുകള്‍ ലഭിക്കുന്നു. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് പെയിന്റ് സ്‌കീമുകളില്‍ ഇത് ലഭ്യമാണ്. ഇത് ഡിസൈന്‍ അപ്ഡേറ്റുകളോടെയാണ് വരുന്നതെങ്കിലും മെക്കാനിക്കല്‍ മോഡിഫിക്കേഷന്‍ നടത്തിയിട്ടില്ല. കൂടാതെ ഒരു എല്‍ഇഡി ഹെഡ്ലാമ്പ്, ഗിയര്‍, ഫുള്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഗ്രസീവ് ടാങ്ക് ഡിസൈന്‍, മാറ്റ് മഫ്ളര്‍ കവര്‍, ബോഡി പാനലുകളിലും അലോയ് വീലുകളിലും വരകള്‍ക്കൊപ്പം പുതിയ ഗ്രാഫിക്സും എസ്പി125 സ്പോര്‍ട്സ് എഡിഷന്റെ സവിശേഷതകളാണ്. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് കളര്‍ ഷേഡുകളില്‍ ഇത് ലഭ്യമാകും. ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന് എല്‍ഇഡി ഹെഡ്ലാമ്പും ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററും മറ്റ് മൈലേജ് വിവരങ്ങളുമുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ലഭിക്കുന്നു. 10.7 ബിഎച്ച്പിയും 10.9 എന്‍എം ടോര്‍ക്കും നല്‍കുന്ന 124 സിസി സിംഗിള്‍ സിലിണ്ടര്‍ ബി.എസ്.വി.ഐ ഓബിഡി2 കംപ്ലയിന്റ് പിജിഎം-എഫ്‌ഐ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഇത് 10 വര്‍ഷത്തെ എക്സ്‌ക്ലൂസീവ് വാറന്റി പാക്കേജിനൊപ്പം വാഗ്ദാനം ചെയ്യുന്നു.
നൂതന സവിശേഷതകളും സ്‌റ്റൈലിഷ് ഡിസൈനും ത്രില്ലിംഗ് പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ ആവേശഭരിതരാക്കുന്നുവെന്ന് ഹോണ്ടയുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന്‍ ഓഫര്‍ അവതരിപ്പിച്ചുകൊണ്ട്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ സുറ്റ്സുമു ഒട്ടാനി പറഞ്ഞു. പുതിയ എസ്പി125 സ്പോര്‍ട്സ് എഡിഷന്റെ ലോഞ്ച് തങ്ങളുടെ ഉപഭോക്താക്കളെ, പ്രത്യേകിച്ച് യുവതലമുറയെ കൂടുതല്‍ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.