ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ് സ്‍കൂട്ടർ പുതിയ ലിമിറ്റഡ് എഡിഷൻ ഡിയോ സ്പോർട്സിനെ വിപണിയില്‍ അവതരിപ്പിച്ചു. 68,317 രൂപ പ്രാരംഭ വിലയിലാണ് വാഹനത്തെ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള റെഡ് വിംഗ് ഡീലർഷിപ്പിൽ നിന്നോ അല്ലെങ്കിൽ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വാഹനത്തെ അടുത്തറിയാം.
സ്ട്രോൺഷ്യം സിൽവർ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്‌പോർട്‌സ് റെഡ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ പുതിയ ഹോണ്ട ഡിയോ സ്‌പോർട്‌സ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിൽ സ്‍കൂട്ടർ വാഗ്ദാനം ചെയ്യുന്നു. യഥാക്രമം 68,317 രൂപയും 73,317 രൂപയുമാണ് സ്‍കൂട്ടറിന്‍റെ ദില്ലി എക്സ്-ഷോറൂം വില.
പുതിയ ഹോണ്ട ഡിയോ സ്‌പോർട്‌സ് ലിമിറ്റഡ് എഡിഷൻ പുതിയ കാമഫ്‌ളേജ് ഗ്രാഫിക്സും സ്‌പോർട്ടി റെഡ് റിയർ സസ്‌പെൻഷനുമായാണ് വരുന്നത്. ഡീലക്സ് വേരിയന്റിൽ സ്പോർട്ടി അലോയി വീലുകള്‍ വരുന്നു. തടസ്സങ്ങളില്ലാത്ത റൈഡിംഗ് അനുഭവത്തിനായി എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന സ്റ്റോറേജ് ഓപ്‌ഷൻ നൽകുന്ന ഫ്രണ്ട് പാക്കറ്റിലാണ് സ്‌കൂട്ടർ വരുന്നത്.
പുതിയ ലിമിറ്റഡ് എഡിഷൻ ഡിയോ സ്‌പോർട്‌സിന് കരുത്തേകുന്നത് 110 സിസി, എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (eSP) ഉള്ള PGM-FI എഞ്ചിനാണ്. ഈ എഞ്ചിന് 8,000 ആർപിഎമ്മിൽ 7.65 ബിഎച്ച്പിയും 4,750 ആർപിഎമ്മിൽ ഒമ്പത് എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഫംഗ്‌ഷൻ സ്വിച്ച്, എക്‌സ്‌റ്റേണൽ ഫ്യുവൽ ലിഡ്, പാസിംഗ് സ്വിച്ച്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ തുടങ്ങിയ സവിശേഷതകളോടെയാണ് സ്‌കൂട്ടർ വരുന്നത്. ഇക്വലൈസർ സഹിതമുള്ള കോംബി-ബ്രേക്ക് സിസ്റ്റം, മൂന്ന് സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ, മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി മൂന്ന് സ്റ്റെപ്പ് ഇക്കോ ഇൻഡിക്കേറ്റർ എന്നിവയും സ്‌കൂട്ടറിന് ലഭിക്കുന്നു.
പുതിയ ഡിയോ സ്‌പോർട്‌സ് യുവത്വത്തിന്റെയും ശൈലിയുടെയും ഉന്മേഷദായകമായ വർണ്ണ ഓപ്ഷനുകളിൽ സമ്പൂർണ്ണ സംയോജനമാണ് എന്ന് സ്‍കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു. ഈ ലിമിറ്റഡ് എഡിഷൻ തങ്ങളുടെ ഉപഭോക്താക്കളെ, പ്രത്യേകിച്ച് യുവതലമുറയെ അതിന്റെ സ്‌പോർട്ടി വൈബും ട്രെൻഡി ലുക്കും കൊണ്ട് കൂടുതൽ സന്തോഷിപ്പിക്കുമെന്ന് കമ്പനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഹോണ്ടയെക്കുറിച്ചുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യ ഓഷ്യാനിയ മേഖലയിലേക്കും സാന്നിധ്യം വര്‍ധിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം കമ്പനി അറയിച്ചിരുന്നു. തങ്ങളുടെ 125 സിസി മോട്ടോര്‍സൈക്കിളായ ‘എസ്‍പി 125’ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും കയറ്റുമതി ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ലോകോത്തര നിര്‍മ്മാണ ശേഷികള്‍ പ്രയോജനപ്പെടുത്തി നിലവില്‍ ലോകമെമ്പാടുമുള്ള 38 രാജ്യങ്ങളിലേക്ക് ഇരുചക്രവാഹനങ്ങള്‍ ഹോണ്ട കയറ്റുമതി ചെയ്യുന്നുണ്ട് എന്നുമാണ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
പൂര്‍ണമായി നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങള്‍ സിബി125എഫ് എന്ന പേരിലായിരിക്കും വില്‍ക്കുക. 2022 ജൂലൈ മുതല്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും എസ്‍പി 125ന്‍റെ 250 യൂണിറ്റുകള്‍ ഹോണ്ട കയറ്റുമതി ചെയ്‍തിട്ടുണ്ട്.
ഹോണ്ട ഇന്ത്യ പുറത്തിറക്കിയ ആദ്യത്തെ ബിഎസ്6 മോട്ടോര്‍സൈക്കിളാണ് എസ്‍പി125. നിരവധി സെഗ്മെന്‍റ്-ഫസ്റ്റ് ടെക്നോളജി ഫീച്ചറുകളുള്ള സ്‍കൂട്ടര്‍ രാജസ്ഥാനിലെ അല്‍വാറിലെ തപുകര പ്ലാന്‍റിലാണ് നിര്‍മിക്കുന്നത്. 2001ല്‍ ആദ്യ മോഡലായ ആക്ടിവയുമായി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ആരംഭിച്ച ഹോണ്ടനിലവില്‍ 19 ഇരുചക്രവാഹന മോഡലുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. വിദേശ വിപണിയില്‍ കമ്പനിക്ക് 30 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
ഇന്ത്യയിലെ ഉല്‍പ്പാദന ശേഷി വിപുലീകരിക്കാനുള്ള ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ദീര്‍ഘകാല പദ്ധതികളിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ഇതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു.