Honey trap trapped two IAS officers, DGP order to investigate

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം ‘ഹണി ട്രാപ്പില്‍’ കുടുങ്ങിയത് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് പുറമെ മലബാര്‍ മേഖലയില്‍ നേരത്തെ കളക്ടറായി സേവനമനുഷ്ടിക്കുകയും ഇപ്പോള്‍ തലസ്ഥാനത്ത് ഉന്നത പദവിയിലിരിക്കുകയും ചെയ്യുന്ന മറ്റൊരുദ്യോഗസ്ഥനുമാണ് പെണ്‍ വലയില്‍ കുരുങ്ങിയത്.

ഭരണ കേന്ദ്രങ്ങളെ ഞെട്ടിച്ച ഈ സംഭവത്തില്‍ അന്വേഷണത്തിന് ഡിജിപി ടി.പി സെന്‍കുമാര്‍ ഉത്തരവിട്ടു.

രേഖാമൂലം ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രനോടാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ചില ‘അസൈന്‍മെന്റുകള്‍ക്കെന്ന’ വ്യാജേന എയ്ഞ്ചല്‍ എന്ന യുവതിയാണ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെയും സമീപിച്ചത്. പിന്നീട് ഈ ഉദ്യോഗസ്ഥരെ തന്റെ വരിധിയിലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

ഇതില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ യുവതിയെ തന്റെ വസതിയിലേക്ക് തന്നെ കൊണ്ടുപോയതായാണ് അറിയുന്നത്.

ഹിഡണ്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചും മറ്റും ഐഎഎസ് ഉദ്യോഗസ്ഥരെ ബ്ലാക്ക്‌മെയില്‍ ചെയ്തതിനെ തുടര്‍ന്ന് വന്‍ തുക കൊടുത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. യുവതിക്ക് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിച്ചതായും ഇപ്പോള്‍ പൊലീസ് സംശയിക്കുന്നുണ്ട്.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനില്‍ നിന്ന് മാത്രം ദൃശ്യംപുറത്ത് വരാതിരിക്കാന്‍ 15 കോടി രൂപ ആദ്യം ആവശ്യപ്പെട്ടെന്നും പിന്നീട് അഞ്ചരക്കോടിയില്‍ ഒതുക്കിയെന്നുമാണ് പറയപ്പെടുന്നത്.

സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥന് ഇത്രയും ഭീമമായ പണം സംഘടിപ്പിച്ച് നല്‍കാന്‍ എറണാകുളത്തെ ഒരു പ്രമുഖ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ആണ് രംഗത്തിറങ്ങിയത്. പലരുടെ അടുത്തു നിന്നായി 50,20 ലക്ഷങ്ങള്‍ വച്ച് വലിയ പിരിവാണ് നടത്തിയത്.

ഐഎഎസ് ഉദ്യോഗസ്ഥരെ ഇങ്ങനെ ട്രാപ്പില്‍ കുടുക്കിയിട്ടും കോടികള്‍ പണപ്പിരിവ് നടത്തി ഒതുക്കി തീര്‍ത്തിട്ടും സംസ്ഥാന പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

ഇക്കാര്യം നേരത്തെ Express kerala-റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോടികളുടെ പണപ്പിരിവും, ഉന്നതപദവിക്ക് നിരക്കാത്ത വാഴ്ചയും ഇതിന് പുറമേ ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടിയതും വലിയ കുറ്റകൃത്യം ആയതിനാല്‍ കുറ്റവാളികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരനായ ഹനുമാന്‍സേന സംസ്ഥാന ചെയര്‍മാന്‍ എ.എം ഭക്തവത്സലന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ലഭ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Top