വിവാദ ഹണിട്രാപ്പ് സംഭവത്തില്‍ കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഹണിട്രാപ്പില്‍ പെടുത്താന്‍ ശ്രമിച്ചത് ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അശ്വതി എന്ന യുവതി പുറത്ത് വിട്ട ശബ്ദരേഖ വിദഗ്ദ പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. ഈ പരിശോധനയില്‍ വില്ലന്‍ സസ്‌പെന്‍ഷനിലുള്ള എസ്.ഐ ആണെന്ന് തെളിഞ്ഞാല്‍ അദ്ദേഹം കേസില്‍ പ്രതിയാകുമെന്ന് മാത്രമല്ല സര്‍വ്വീസില്‍ നിന്നു തന്നെ പിരിച്ചുവിടപ്പെടുകയും ചെയ്യും. ഇക്കാര്യത്തില്‍ സര്‍ക്കാറും ശക്തമായ നിലപാടിലാണുള്ളത്. സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥന്‍ വീണ്ടും അച്ചടക്കം ലംഘിക്കുന്നതും സീനിയര്‍ ഉദ്യോഗസ്ഥന്‍മാരെ കുടുക്കാന്‍ ശ്രമിക്കുന്നതുമായ വാര്‍ത്തകളെ ഗൗരവമായാണ് ഐ.പി.എസ് അസോസിയേഷനും നോക്കി കാണുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ പ്രതികരിക്കാം എന്നതാണ് സംഘടനയുടെ നിലപാട്. ആരോപണ വിധേയനായ എസ്.ഐയെ മറ്റു പൊലീസ് സംഘടനകളും കൈവിട്ട അവസ്ഥയാണുള്ളത്. സേനയുടെ അച്ചടക്കവും പ്രതിച്ഛായയും തകര്‍ക്കുന്ന ഒരു പ്രവര്‍ത്തിയും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് ഈ സംഘടനകളെല്ലാം ഉള്ളത്.
അതേസമയം, ഹണിട്രാപ്പുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങള്‍ മുഴുവന്‍ സര്‍ക്കാറിന് ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്. ഗൂഢാലോചനയില്‍ മറ്റാരെങ്കിലും പങ്കാളിയായിട്ടുണ്ടെങ്കില്‍ അവരും പെടുമൊന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. തന്നെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന് തിരുവനന്തപുരം പാങ്ങോട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത് സസ്‌പെന്‍ഷനിലുള്ള ഒരു എസ്.ഐയാണ്. ഈ എസ്.ഐ തന്നെയാണ് ഐ.പി.എസുകാരെ കുടുക്കാനും നിര്‍ദ്ദേശം നല്‍കിയതെന്നാണ് പ്രതിയായ യുവതിയും ആരോപിച്ചിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന ശബ്ദരേഖ അവര്‍ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഈ ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകളാണ് ഫോറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ പോകുന്നത്. ഇതോടൊപ്പം യുവതി ഡി.സി.പിക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞ കാര്യങ്ങളും എസ്.ഐ യുവതിക്കെതിരെ നല്‍കിയ പരാതിയും വിശദമായി തന്നെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പൊലീസ് ആസ്ഥാനത്ത് നിന്നും ഇക്കാര്യത്തില്‍ കൃത്യമായ മോണിറ്ററിങ്ങും നിലവിലുണ്ട്.
എസ്.ഐയെ തന്റെ പരാതിയില്‍ മുന്‍പ് സസ്‌പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്നും താന്‍ ആരെയും ഹണിട്രാപ്പ് ചെയ്തിട്ടില്ലെന്നുമാണ് യുവതിയുടെ വാദം. ഇക്കാര്യത്തില്‍ പൊലീസിന് കൂടുതല്‍ നടപടികളിലേക്ക് കടക്കണമെങ്കില്‍ ഹണി ട്രാപ്പിന് ഇരയായവരുടെ മൊഴികളും ആവശ്യമാണ്. സസ്‌പെന്‍ഷനിലുള്ള എസ്.ഐ അല്ലാതെ മറ്റൊരു ഉദ്യോഗസ്ഥനും ഇതുവരെ യുവതിക്കെതിരെ പരാതിപ്പെടാന്‍ തയ്യാറായിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഇതു തന്നെയാണ് യുവതിയും ഇപ്പോള്‍ പിടിവള്ളിയാക്കുന്നത്. എന്നാല്‍ മറ്റാരെങ്കിലും പരാതിയുമായി വന്നാല്‍ സ്ഥിതി മാറും.
എസ്.ഐയോടൊപ്പം എല്ലാറ്റിനും ഒപ്പം നിന്ന യുവതിയുടെ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. എസ്.ഐയുമായി തെറ്റിയപ്പോയാണ് ഈ യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതിനര്‍ത്ഥം അതിന് മുന്‍പ് രണ്ടു പേരും ഒരുമിച്ച് തന്നെയാണ് ഈ ‘വേലകള്‍’ ഒക്കെ ഒപ്പിച്ചത് എന്നതു തന്നെയാണ്. ഇതോടൊപ്പം തന്നെ വിവാദ എസ്.ഐ, അഞ്ചല്‍ സ്വദേശിയായ ഈ യുവതിയെ അല്ലാതെ മറ്റേതെങ്കിലും സ്ത്രീകളെ ഹണിട്രാപ്പിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നതും ഇവര്‍ക്കെല്ലാം പരസ്പരം ബന്ധങ്ങള്‍ ഉണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. മൊബൈല്‍ രേഖകള്‍ മുന്‍ നിര്‍ത്തിയാണ് പരിശോധന.
അതേസമയം, എസ്.ഐ മുതല്‍ ഡി.വൈ.എസ്.പി വരെയുള്ള ചില ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ ഇപ്പോഴും കുടുതല്‍ സജീവമാണ്. ഇതെല്ലാം തന്നെ പൊലീസ് സേനയെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ക്കു പോലും നിറംപിടിപ്പിച്ച കഥകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ചാറ്റുകളും സംഭാഷണങ്ങളും സൃഷ്ടിച്ച് യുവതിയും എസ്.ഐയും തമ്മിലുള്ള വിഷയത്തില്‍ ഇടകലര്‍ത്തി തെറ്റിധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ഇതും ഏറെ ഗൗരവമുള്ള കാര്യം തന്നെയാണ്. ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായാല്‍ ആര്‍ക്കും എന്ത് പോസ്റ്റും സൃഷ്ടിക്കാന്‍ പറ്റുന്ന കാലമാണിത്. ഇത് തിരിച്ചറിഞ്ഞത് വൈകിയാണെങ്കിലും പൊലീസ് ഇപ്പോള്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സൈബര്‍ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ചില നടപടികള്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഇപ്പോള്‍ പുറത്ത് വന്ന വിവാദ ശബ്ദരേഖയില്‍, ”നീ കെ.പി.എസുകാരുടെ പിന്നാലെ നടക്കാതെ, ഐ.പി.എസുകാരെ ലക്ഷ്യമിട് എന്ന് യുവതിയോട് പറയുന്ന ഒരു സംഭാഷണമുണ്ട്. സര്‍വ്വീസില്‍ തിരിച്ചു കയറുന്നതിനു വേണ്ടി മാത്രമല്ല തന്നെ സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥനോടുള്ള പക തീര്‍ക്കുന്നതിനു വേണ്ടി കൂടിയാണ് ഇവിടെ ഒരു ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരിക്കുന്നത്. പറഞ്ഞത് ചെയ്താല്‍ സര്‍വ്വീസില്‍ കയറിയാല്‍ യുവതിക്ക് നല്ല ഒരു ഗിഫ്റ്റും അദ്ദേഹം ഓഫര്‍ ചെയ്തിട്ടുണ്ട്. ഈ സംഭാഷണത്തില്‍ നിന്നു തന്നെ ഗൂഢാലോചനയും വ്യക്തമാണ്. യുവതിക്കെതിരെ കേസ് കൊടുത്ത എസ്.ഐ തന്നെയാണ് ഈ ശബ്ദരേഖയുടെ ഉടമ എന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ ഈ കേസില്‍ അദ്ദേഹം കൂടി പ്രതിയാകുന്ന അപൂര്‍വ്വ സാഹചര്യമാണ് ഉണ്ടാകുക. കുറ്റം ചെയ്തവര്‍ മാത്രമല്ല അതിന് പ്രേരിപ്പിച്ചവരും നിയമത്തിന്റെ മുന്നില്‍ കുറ്റവാളികള്‍ തന്നെയാണ്. ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതും അതേ രീതിയില്‍ തന്നെയാണ്.
ഏത് പൊലീസ് ഉദ്യോഗസ്ഥനായാലും അയാള്‍ ആന്റി പൊലീസ് ആകാന്‍ ശ്രമിച്ചാല്‍ വെറുതെ വിടാന്‍ പാടുള്ളതല്ലന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന പൊലീസ് ആസ്ഥാനത്തിന്റെ തുടര്‍ നടപടിക്കായാണ് അവരും ഇപ്പോള്‍ നോക്കി നില്‍ക്കുന്നത്. ക്രിമിനല്‍ മനോഭാവമുള്ള ഒരു ഉദ്യോഗസ്ഥനെയും പൊലീസില്‍ നിലനിര്‍ത്താന്‍ പാടുള്ളതല്ല ഇത്തരക്കാരെ സര്‍വ്വീസില്‍ നിന്നും പെട്ടന്നു തന്നെ പിരിച്ചു വിടുകയാണ് വേണ്ടത്. രാജ്യത്തെ കോടതികള്‍ തന്നെ പലവട്ടം ഓര്‍മ്മിപ്പിച്ചിട്ടുള്ളതും ഇതു തന്നെയാണ്. ഹണിട്രാപ്പ് സംഭവത്തില്‍ പൊലീസ് ശക്തമായ നടപടിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിവാദ ശബ്ദരേഖ വീണ്ടും ഒരിക്കല്‍ കൂടി പുറത്ത് വിടുന്നു . . .കേള്‍ക്കുക …