ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് അവസാനം വരെ ഹോങ്കോങ് വിലക്ക് ഏര്‍പ്പെടുത്തി. എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഹോങ്കോങ്ങിലേക്ക് പ്രവേശനമുള്ളൂ. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാവണം ടെസ്റ്റിന് വിധേയരാവേണ്ടത്. ജൂലൈയില്‍ ഹോങ്കോങ് സര്‍ക്കാരാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്. മാത്രവുമല്ല ഹോങ്കോങ്ങിലെത്തിയാല്‍ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വിമാനത്താവളത്തില്‍ വെച്ച് വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയമാവേണ്ടതുണ്ട്.
ഇന്ത്യയ്ക്കു പുറമെ ബംഗ്ലാദേശ്, ഇന്തോനീഷ്യ, കസാക്കിസ്താന്‍, നേപ്പാള്‍, പാകിസ്താന്‍ ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും ഹോങ്കോങ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.