വിക്ടോറിയ സിറ്റി: ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ഇന്ത്യക്ക് ഇരട്ടത്തോല്‍വി. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ ആതിഥേയ താരം എന്‍ജി കാ ലോങ് ആന്‍ഗസിനോടും വനിതാ സിംഗിള്‍സില്‍ പി.വി സിന്ധു ചൈനീസ് തായ്‌പെയിയുടെ തായ് സു ഇങ്ങിനോടും പരാജയപ്പെട്ടു.
ലോക മൂന്നാം റാങ്കുകാരന്‍ യാന്‍ ഒ യൊര്‍ഗേന്‍സനെ അട്ടിമറിച്ച് സ്വപ്‌നക്കുതിപ്പ് നടത്തിയ സമീറിന് ആ മികവ് ഫൈനലില്‍ ആവര്‍ത്തിക്കാനായില്ല. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വാശിയോടെ പൊരുതിയ ആന്‍ഗസ് മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ സമീറിനെ പരാജയപ്പെടുത്തുകയായിരുന്നു.
50 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിന്റെ ആദ്യ ഗെയിം ആന്‍ഗസ് നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ സമീര്‍ തിരിച്ചു വന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ സമീറിന് അവസരം നല്‍കാതെ ആന്‍ഗസ് മത്സരവും കിരീടവും സ്വന്തമാക്കി.
സ്‌കോര്‍: 2114,1021, 2111. ലോക റാങ്കിങ്ങില്‍ ആന്‍ഗസ് പത്താമതും സമീര്‍ 43ാം സ്ഥാനത്തുമാണ്.
തുടര്‍ച്ചയായി രണ്ടാം സൂപ്പര്‍ സീരീസ് കിരീടം കൈപ്പിടിയിലൊതുക്കാമെന്ന മോഹവുമായി കോര്‍ട്ടിലിറങ്ങിയ സിന്ധുവിനെ തായ് സു ഇങ്ങ് അനായാസം കീഴടക്കുകയായിരുന്നു.
ലോക മൂന്നാം നമ്പര്‍ താരവും നാലാം സീഡുമായ തായ് സു ഇങ്ങ് 41 മിനിറ്റിനുള്ളില്‍ ഒമ്പതാം റാങ്കുകാരിയായ സിന്ധുവിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 2115, 2117. സിന്ധു കഴിഞ്ഞാഴ്ച്ച ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയിരുന്നു.