ചൈനയില്‍ അജ്ഞാത വൈറസ്; 44 പേരില്‍ വൈറസ്, 11 പേരുടെ നില ഗുരുതരം

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ്. വൂഹാന്‍ നഗരത്തിലും പരിസര പ്രദേശത്തുമാണ് അജ്ഞാത വൈറസിനെ തുടര്‍ന്ന് രോഗം പടര്‍ന്നുപിടിക്കുന്നത്. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പരക്കുന്നത്.

ഇവിടെ 44 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറസ് ബാധയെ തുടര്‍ന്ന് 121 പേര്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസ് അല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം രോഗികളെ ചികിത്സിച്ചിരുന്നവരില്‍ വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈറസിന്റെ ഉറവിടത്തെക്കുറിച്ച് പരിശോധനകള്‍ തുടരുകയാണെന്ന് വൂഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ചൈനയുടെ അയല്‍രാജ്യങ്ങളിലും കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വൂഹാനില്‍നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top