കൊറോണ മൃഗങ്ങളിലേക്കും; ഹോങ്കോങിലെ ഒരു വളര്‍ത്തുനായക്ക്‌ സ്ഥിരീകരിച്ചു

ഹോങ്കോങ്: ലോകത്തെ ഭീതിയിലാഴ്ത്തി ദിനംപ്രതിയാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്. മനുഷ്യരില്‍ മാത്രമായിരുന്ന രോഗം ഇപ്പോഴിതാ വളര്‍ത്ത് മൃഗങ്ങളിലേക്കും വ്യാപിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

അറുപതുവയസ്സുകാരിയായ കൊറോണ രോഗിയുടെ കെയ്‌നൈന്‍ എന്ന പോമറേനിയന്‍ വളര്‍ത്തുനായയിലാണ് ആദ്യ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

വീട്ടുടമസ്ഥയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ വളര്‍ത്തുനായ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍ വൈറസ് ബാധയുടെ തോത് കുറവാണെന്നാണ് പരിശോധനാഫലം.

മനുഷ്യനില്‍ നിന്നും മൃഗങ്ങളിലേക്ക് വൈറസ് പകരുന്നുവെന്നതിന്റെ ആദ്യ കേസാണ് ഇതെന്ന് ഹോങ്കോങിലെ അഗ്രികള്‍ച്ചര്‍ ഫിഷറീസ് ആന്റ് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞു.

മറ്റൊരു കൊറോണ രോഗിയുടെ വളര്‍ത്തുനായയില്‍ വൈറസ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ആദ്യ കേസ് റിപ്പോര്‍ട്ട്‌ ചെയ്തതിനു പിന്നാലെ ഹോങ്കോങിലെ എല്ലാ കൊറോണ രോഗികളുടെ വളര്‍ത്തുമൃഗങ്ങളും നിരീക്ഷണത്തിലാണ്.

ഹോങ്കോങില്‍ ഇതുവരെ 105 പേരിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു.

Top