ഹൈദരാബാദ്: ഈ വര്‍ഷത്തെ അക്കിനേനി നാഗേശ്വര റാവൂ(എഎന്‍ആര്‍) ദേശീയ പുരസ്‌കാരം ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലിക്ക്.
പ്രശസ്ത തെലുങ്കു ചലച്ചിത്രനടനും, നാഗാര്‍ജുനയുടെ പിതാവുമായ അക്കിനേനി നാഗേശ്വരറാവുവിന്റെ സ്മരണാര്‍ഥം ആന്ധ്രാ സര്‍ക്കാര്‍ ഏര്‍പ്പടുത്തിയതാണ് എഎന്‍ആര്‍ അവാര്‍ഡ്. 69 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ പത്മവിഭൂഷണ്‍, പത്മശ്രീ, ദാദാസാഹിബ് പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
രാജമൗലിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും ബാഹുബലിയിലൂടെ ലോകത്തിന് മുന്നില്‍ തെലുങ്കു സിനിമയുടെ യശസ്സ് ഉയര്‍ത്തിയെന്നും പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നടന്‍ നാഗാര്‍ജുന പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ ദേവ് ആനന്ദ്, ലതാ മങ്കേഷ്‌കര്‍, വൈജയന്തിമാല, ഹേമാമാലിനി, ശ്രീദേവി, അമിതാബ് ബച്ചന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.
ചലച്ചിത്ര രംഗത്തെ മഹാരഥന്മാര്‍ക്ക് ലഭിച്ചിട്ടുള്ള എഎന്‍ആര്‍ പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷവും ആദരവുമുണ്ടെന്ന് എസ് എസ് രാജമൗലി പ്രതികരിച്ചു.
സെപ്റ്റംബര്‍ 17ന് ഹൈദരാബാദില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു പുരസ്‌കാരം സമ്മാനിക്കും.