പാറ്റ്ന: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം 82 ആയി. മദ്യദുരന്തത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ സംഘത്തെ ബിഹാറിലേക്ക് അയച്ച് അന്വേഷിക്കും. ഇന്ന് 16 പേരാണ് മരിച്ചത്. സരൺ ജില്ലയിൽ മാത്രം ഇതുവരെ 74 മരണം റിപ്പോർട്ട് ചെയ്തു. 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 30 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ വിവിധ ജില്ലകളിൽ ഉയർന്നതോടെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അനധികൃത മദ്യവിൽപന സംബന്ധിച്ച് അന്വേഷണം കർശനമാക്കാൻ സർക്കാർ നിർദേശിച്ചു. ആദ്യം മരണം റിപ്പോർട്ട് ചെയ്ത സരൺ ജില്ലയിൽ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായിട്ടുണ്ട്.
മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. എന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും, ബിഹാറിൽ രാഷ്ട്രപത ഭരണ വേണമെന്നും എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. പ്രതിഷേധം തുടരാനാണ് ബിജെപിയുടെയും തീരുമാനം. അതേസമയം വിമർശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കി. അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.