പത്മാവദിലെ ഗാനരംഗത്തില്‍ മാറ്റം വരുത്തി; ഗൂമര്‍ നൃത്തം സെന്‍സറിന് മുമ്പും പിമ്പും

padmavath

വിവാദങ്ങള്‍ കെട്ടടിങ്ങിയിട്ടില്ലെങ്കിലും സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവദ് തിയറ്ററുകളിലേക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എത്തും. ഏറേ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗാനമാണ് പത്മാവദിലെ ഗൂമര്‍ നൃത്തം. എന്നാല്‍ ആദ്യം ഒരുക്കിയ പാട്ടില്‍ നിന്നും പലരംഗങ്ങളിലും സാരമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഗൂമര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലാണ് ഗാനരംഗത്തിലും ഇത്തരം മാറ്റങ്ങള്‍ വരുത്തിയത്.

ദീപികയുടെ ശരീരം മുഴുവന്‍ കവര്‍ ചെയ്ത രീതിയിലുള്ള വസ്ത്രങ്ങളാണ് പുതിയ ഗാനരംഗത്തില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ആദ്യത്തെ ഗാനരംഗത്തില്‍ ദീപികയുടെ വയറു ഭാഗം വ്യക്തമായി കാണുന്ന തരത്തിലായിരുന്നു ചിത്രീകരിച്ചിരുന്നത്‌.

പുതിയ ഗാനം ഒരു മുന്നറിയിപ്പും കൂടാതെയാണ് പുറത്തിറക്കിയിരിക്കുന്നത്. കര്‍ണിസേനയുടെ നിരന്തര പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്തരം രംഗങ്ങള്‍ വീണ്ടും മാറ്റിയെടുത്തത്. സിനിമയിലെ പാട്ടു രംഗങ്ങള്‍ മാറ്റാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് കര്‍ണിസേന നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സി.ബി.സി.സിയുടെ ഈ നടപടി. യൂ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ് ഗാനരംഗത്തില്‍ മാറ്റം വരുത്തിയതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും.

ഗൂമര്‍ നൃത്തം ചെയ്ത പല സ്‌കൂളുകളും കര്‍ണിസേന അടിച്ചു തകര്‍ക്കുകയും പ്രതിഷേധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ബന്‍സാലി പലപ്പോഴും അക്രമണത്തിന് ഇരയായിരുന്നു. സംവിധായകന്‍ ബന്‍സാലിക്കും നടി ദീപികയ്ക്കും പലപ്പോഴും വധഭീഷണി നേരിടേണ്ടി വന്നു.യഥാര്‍ഥ പത്മാവതിയുടെ കഥയില്‍ ഏറേ വ്യത്യസ്തമാണ് സിനിമയെന്ന് കര്‍ണസേന ആരോപണമുന്നയിച്ചിരുന്നു.

ആദ്യം ഇറങ്ങിയ ഗാനരംഗം

ഒടുക്കം സിനിമയുടെ പേര് പത്മാവതിയില്‍ നിന്ന് പത്മാവദിലേക്ക് മാറ്റുന്നതുവരെ കര്‍ണിസേന ഭീഷണിയും, പ്രതിഷേധവും തുടര്‍ന്നു. പത്മാവദില്‍ ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ്, എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 180 കോടിയുടെ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.

Top