hope platation – government – land

തിരുവനന്തപുരം: സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും ഒരു പോലെ പ്രതിരോധത്തിലാക്കി കൊണ്ട് ഇടുക്കിയിലെ പീരുമേട്ടില്‍ ഹോപ് പ്‌ളാന്റേഷന് മിച്ചഭൂമി അനുവദിച്ച വിവാദ ഉത്തരവ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം റദ്ദാക്കി.

750 ഏക്കര്‍ പ്ലാന്റേഷന് നല്‍കാന്‍ 2015 ഡിസംബര്‍ 17ന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് തീരുമാനിച്ചത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മറ്റ് ഉന്നത റവന്യു ഉദ്യോഗസ്ഥരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അതൊന്നും വക വെയ്ക്കാതെ മുഖ്യമന്ത്രിയുടെയും രമേശ് ചെന്നിത്തലയുടെയും പിന്തുണയോടെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് തീരുമാനം അംഗീകരിപ്പിക്കുകയായിരുന്നു.

ഭൂമി പതിച്ചു നല്‍കിയത് വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ സര്‍ക്കാരിന് കത്തു നല്‍കി. ഇതോടൊപ്പം മെത്രാന്‍ കായല്‍ നികത്താനുള്ള അനുമതിയും കരുണ എസ്‌റ്റേറ്റിന് കരം അടയ്ക്കാന്‍ അനുമതി നല്‍കിയ ഉത്തരവും സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ഹോപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരുന്നില്ല.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2010 ല്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് കന്പനി സ്‌റ്റേ വാങ്ങി. 2014 ആഗസ്റ്റില്‍ കേസില്‍ അന്തിമ തീര്‍പ്പ് കല്‍പിച്ച ഹൈക്കോടതി ആറ് മാസത്തിനകം തീരുമാനം എടുക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

Top