ന്യൂഡല്‍ഹി: ജീവിതത്തിനും മരണത്തിനുമിടയില്‍ അന്തിമ പോരാട്ടം നടത്തുന്ന ബംഗാളിലെ സഖാക്കള്‍ക്ക് വി.എസിന്റെ നിലപാട് കൈത്താങ്ങാവുമെന്ന പ്രതീക്ഷയില്‍ സിപിഎം ബംഗാള്‍ ഘടകം.
ആസന്നമായ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തില്‍ ധാരണയുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ മമതാ ബാനര്‍ജി കൂടുതല്‍ ശക്തമായി ആഞ്ഞടിച്ച് പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്ന ഭയത്തിലാണ് ബംഗാള്‍ നേതാക്കള്‍. അതുകൊണ്ടു തന്നെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നത്.
ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന സിപിഎം, പിബി-സിസി യോഗങ്ങളിലാണ് ഇതുസംബന്ധമായ അന്തിമ തീരുമാനമുണ്ടാവുക എന്നതിനാല്‍ ബംഗാളിലെ സാഹചര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്താന്‍ ബംഗാളില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പി.ബി തീരുമാനമല്ല കേന്ദ്രകമ്മിറ്റി തീരുമാനമാണ് നടപ്പിലാവുക എന്നതിനാല്‍ സിസി അംഗങ്ങളെ കാര്യങ്ങള്‍ യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ ബോധ്യപ്പെടുത്താനാണ് നീക്കം.
കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് പ്രകാശ് കാരാട്ടും കേരള ഘടകവും ആയതിനാല്‍ സിപിഎം സ്ഥാപക നേതാവ് കൂടിയായ വി.എസ് കേന്ദ്രകമ്മിറ്റിയില്‍ പറയുന്ന അഭിപ്രായത്തിന് അംഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബംഗാള്‍ നേതാക്കള്‍.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമായാല്‍ കേരളത്തില്‍ പ്രതിരോധത്തിലാകുമെന്ന ഭീതിയിലാണ് സംസ്ഥാനത്തെ സിപിഎം ഘടകം. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ചെറുത്തു നില്‍പ്പിന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ അടവുനയം ബംഗാളിലെ ഘടകം താല്‍പര്യപ്പെടുന്നതിനെ ഒറ്റയടിക്ക് എതിര്‍ക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് വി.എസ് അച്യുതാനന്ദന്‍.
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഫാസിസ്റ്റ് ഭരണമാണ് നടത്തുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലിക്കൊല്ലുകയാണെന്നും, അവിടുത്തെ ജനവികാരമാണ് ബംഗാള്‍ നേതാക്കള്‍ പറയുന്നതെന്നുമുള്ള വി.എസിന്റെ നിലപാട് വംഗനാട്ടിലെ സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കും ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
കടുത്ത കോണ്‍ഗ്രസ് വിരുദ്ധനായ ഈ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്, ബംഗാളിലെ വികാരം ഉള്‍ക്കൊണ്ട് നടത്തുന്ന അഭിപ്രായപ്രകടനം കേന്ദ്രകമ്മിറ്റി യോഗത്തെ സ്വാധീനിക്കുമെന്ന് തന്നെയാണ് ബംഗാള്‍ ഘടകത്തിന്റെ പ്രതീക്ഷ.
പ്രത്യേക ക്ഷണിതാവായതിനാല്‍ കാര്യങ്ങള്‍ വോട്ടെടുപ്പിലേക്ക് നീണ്ടാല്‍ വി.എസിന് വോട്ട് ചെയ്യാന്‍ പറ്റില്ലെങ്കിലും പാര്‍ട്ടി സ്ഥാപക നേതാവിന്റെ അഭിപ്രായം അംഗങ്ങളുടെ നിലപാടുകളെ സ്വാധീനിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലിരുത്തുന്നത്.
ബംഗാളിലെ മാധ്യമങ്ങളും വി.എസിന്റെ വേറിട്ട അഭിപ്രായ പ്രകടനത്തെ വളരെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. കൊല്‍ക്കത്തയില്‍ നടന്ന പ്ലീനം വേദിയില്‍ വി.എസിന് പ്രത്യേക പരിഗണന നല്‍കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വി.എസുമൊത്ത് മുന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയും എംപിയുമായ ഋതബ്ര ബാനര്‍ജി എടുത്ത സെല്‍ഫി ബംഗാളില്‍ സൂപ്പര്‍ഹിറ്റായിരുന്നു.
ഫേസ്ബുക്കില്‍ ഋതബ്ര ബാനര്‍ജി തന്നെ പോസ്റ്റ് ചെയ്ത ഈ ഫോട്ടോക്ക് മണിക്കൂറിനുള്ളില്‍ തന്നെ ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചിരുന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബംഗാള്‍ നേതാക്കള്‍, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്നിവരുമായുള്ള വി.എസിന്റെ അടുപ്പം തന്നെയാണ് സിപിഎം വിഭാഗീയതയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ വി.എസിനും തുണയായിരുന്നത്.