വാഷിങ്ടണ്‍: അമേരിക്കന്‍ പൊലീസിന്റെ വര്‍ണവെറിയില്‍ ശ്വാസം മുട്ടി മരിച്ച ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തില്‍ പ്രതിഷേധം ആളി കത്തുന്നതിനിടിയില്‍ സമരക്കാരെ പ്രകോപിപ്പിക്കുന്ന പ്രസ്താവനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജ് ഫ്‌ലോയിഡിനെ സംബന്ധിച്ച് അതൊരു മഹത്തായ ദിനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.
‘കഴിഞ്ഞ ആഴ്ച എന്താണ് സംഭവിച്ചതെന്ന് നാമെല്ലാം കണ്ടു. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു.’ വെള്ളക്കാരനായ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥന്‍ ഒന്‍പത് മിനിറ്റോളം കഴുത്തില്‍ കാല്‍മുട്ട് കൊണ്ടമര്‍ത്തി ജോര്‍ജ് ഫ്‌ലോയിഡിനെ വധിച്ച സംഭവം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘ജോര്‍ജ് ഫ്‌ലോയിഡ് താഴേക്ക് നോക്കി ഇപ്പോള്‍ പറയുന്നുണ്ടാകും. നമ്മുടെ രാജ്യത്തിന് വേണ്ടി സംഭവിച്ച മഹത്തായ കാര്യമാണത്. തുല്യതയുടെ കാര്യത്തില്‍ ഇതൊരു മഹത്തായ ദിനം തന്നെയാണ്.’ – ട്രംപ് പറഞ്ഞു.
ഫ്‌ലോയിഡ് മരിച്ച് 11 ദിവസങ്ങള്‍ക്ക് ശേഷം വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് നടത്തിയ ഈ പ്രസ്താവനയിലൂടെ അദ്ദേഹം ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമല്ല. എന്തായാലും കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങളെ ട്രംപ് ന്യായീകരിക്കുകയാണെന്ന വാദത്തിന് അടിവരയിടുന്നതാണ് ഈ പ്രസ്താവന.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്‌ലോയിഡിനെ ഡെറിക് ചോവന്‍ വിട്ടിരുന്നില്ല. നിരായുധനായ ജോര്‍ജ് ഫ്‌ലോയിഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
ഇതിന് പിന്നാലെ സമീപകാല ചരിത്രത്തില്‍ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തുടനീളം നടന്നത്. ഫ്‌ലോയ്ഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയിലേറെയായി മിനിയാപൊളിസിലെ തെരുവുകള്‍ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന മുദ്രാവാക്യം പ്രകമ്പനം കൊള്ളുകയായിരുന്നു. വൈറ്റ് ഹൗസ് ഉള്‍പ്പടെയുള്ള തന്ത്രപ്രധാനമായ എല്ലായിടങ്ങളിലും ഫ്ളോയിഡിന് നീതിതേടി തെരുവിലിറങ്ങിയ ജനങ്ങള്‍ പ്രതിഷേധാഗ്‌നി തീര്‍ത്തിരുന്നു