വാടകയ്ക്ക് പകരം രോഗിയുടെ ഫോണ്‍; ആംബുലന്‍സുകാരുടെ നടപടി വിവാദമാകുന്നു

ambulance

കൊച്ചി: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയ ആംബുലന്‍സുകാര്‍ വാടകയ്ക്ക് പകരമായി രോഗിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി.

അങ്കമാലിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ട്രക്കിടിച്ച് ഇരുകാലുകളും തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഭോപ്പാല്‍ സ്വദേശി മുഹമ്മദ് ജാവിക്കിന്റെ മൊബൈലാണ് ആംബുലന്‍സുകാര്‍ കൈക്കലാക്കിയത്. ജാവിക്കിന്റെ ബന്ധുക്കള്‍ ഭോപാലില്‍ നിന്നെത്തി ആംബുലന്‍സുകാരെ അന്വേഷിച്ച് കണ്ടെത്തി വാടക നല്‍കിയശേഷം മാത്രമാണ് ജാവിക്കിന്റെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചത്.

അപകടത്തില്‍ കാലുകള്‍ ചതഞ്ഞരഞ്ഞ ജാവിക്കിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആംബുലന്‍സില്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

രക്തം നഷ്ടപ്പെട്ട് അവശനിലയിലെത്തിയ ജാവിക്കിനെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനുള്ളതുകൊണ്ട് അക്കാര്യം ബന്ധുക്കളെ അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ മൊബൈല്‍ ഫോണ്‍ അന്വേഷിച്ചപ്പോഴാണ് നഷ്ടമായ വിവരം അറിയുന്നത്. തുടര്‍ന്ന് എത്രയും വേഗം ജാവിക്കിന് ആവശ്യമായ രക്തം ലഭ്യമാക്കാനും ശസ്ത്രക്രിയ നടത്താനും ആശുപത്രി അധികൃതര്‍ മുന്‍കൈയെടുത്തു.

തുടര്‍ന്ന മറ്റ് മാര്‍ഗങ്ങളിലൂടെ ബന്ധുക്കളെ വിവരമറിയിച്ച് അവര്‍ ജാവിക്കിന്റെ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് ആംബുലന്‍സ് വാടകയ്ക്കു പകരം ഫോണ്‍ തങ്ങള്‍ എടുത്ത വിവരം ആംബുലന്‍സുകാര്‍ പറയുന്നത്. ഭോപ്പാലില്‍ നിന്ന് ജാവിക്കിന്റെ ബന്ധുക്കളെത്തി ആംബുലന്‍സ് തുക നല്‍കിയശേഷം മൊബൈല്‍ഫോണ്‍ തിരികെ വാങ്ങുകയായിരുന്നു.

Top