ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് വൈദ്യ പരിശോധനകള്‍ക്കായി മാറ്റിയത്.
ജയിലിലെ ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അധികൃതര്‍ ചികിത്സ നിഷേധിക്കുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള ആസാദിന് രണ്ടാഴ്ച്ചയിലൊരിക്കല്‍ രക്തം മാറ്റേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ പക്ഷാഘാതമോ ഹൃദയാഘാതമോ ഉണ്ടായേക്കാമെന്നും വ്യക്തമാക്കി ഇദ്ദേഹത്തിന്റെ ഡോക്ടറായ ഹര്‍ജിത് സിങ്ങ് ഭട്ടി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതേ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ 21നാണ് ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തില്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആസാദിന്റെ ജാമ്യം നിരസിച്ച ഡല്‍ഹി കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.