ന്യൂഡൽഹി : അതിശക്തമായ പുകമഞ്ഞിന് പുറകെ രാജ്യതലസ്ഥാനം വൈറല്‍ പനിയുടെ പിടിയിലെന്ന് പുതിയ റിപ്പോര്‍ട്ട്. ഡൽഹിയിൽ ചുമ, ജലദോഷം, പനി എന്നീ അസുഖങ്ങളുമായി ഓരോ സെക്കന്റിലും നിരവധി ആളുകൾ ആശുപത്രിയിൽ എത്തുന്നുവെന്നും സ്വയം ചികിത്സ അസുഖങ്ങള്‍ വര്‍ദ്ധിക്കാനും , അപകടത്തിനും കാരണമാകുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് വൈറല്‍ രോഗങ്ങൾ ഉണ്ടാകുമ്പോൾ സ്വയം ചികിത്സകള്‍ നൽകുന്നത് അവരുടെ ജീവന് ഭീഷണിയാകുന്നുണ്ടെന്നും യഥാസമയം ചികിത്സ കിട്ടാതെ കുട്ടികള്‍ മരണപ്പെടുന്നതിനു വരെ കാരണമാകുന്നുവെന്നും വിദഗ്ദര്‍ സൂചിപ്പിക്കുന്നു.
പനിയുമായി എത്തുന്ന മുതിര്‍ന്ന ആളുകളില്‍ കണ്ടു വരുന്ന വൈറസ് ന്യുമോണിയ പരത്തുന്ന ഒന്നാണ്. മറ്റു ചിലരില്‍ സെക്കന്ററി ബാക്ടീരിയയെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അതേസമയം ഈ വര്‍ഷം വാക്സിനേഷനുകള്‍ എടുക്കുന്നതു കൊണ്ട് ഒരുപരിധി വരെ പനിയേ തടയാന്‍ സാധിക്കുന്നുണ്ടെന്നും വിദഗ്ദര്‍ ചുണ്ടികാട്ടി.
ഉമിനീരില്‍ നിന്നു പകരുന്ന പനി അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിക്കുകയും 22 പേര്‍ക്ക് ഈ വൈറസ് ബാധിക്കുകയും ചെയ്തിട്ടുള്ളതായി സീനിയര്‍ ഹൃദയ വിഭാഗം ഡോക്ടര്‍ അരൂപ് ബാസു വിശദീകരിച്ചു.
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരത്തിൽ വൈറൽ രോഗങ്ങൾ പടരാൻ കാരണമാകുന്നത്. രോഗം ബാധിച്ച ഒരാളിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പടര്‍ന്നുപിടിക്കുകയാണ് ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാൻ ശുചിത്വമുള്ള ജീവിതരീതിയും നല്ല ആഹാരമാണ് മാർഗമെന്നും , വൈറസ് ബാധിച്ചവർ പരമാവധി മറ്റുള്ളവരുമായുള്ള ഇടപെടൽ കുറയ്‌ക്കണമെന്നും പൂർണ്ണമായ വിശ്രമം എടുക്കണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.