ശമ്പള പരിഷ്‌കരണം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു

kk shylaja

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഈ മാസം 27-ാം തീയതി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ചര്‍ച്ച നടത്താമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരം തല്‍ക്കാലത്തേക്ക് മാറ്റിവച്ചത്.

ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 20-ന് ഒപി ബഹിഷ്‌കരിച്ച് നടത്തിയ രണ്ട് മണിക്കൂര്‍ സൂചനാ സമരത്തില്‍ നിരവധി സാധാരണക്കാരായ രോഗികളാണ് വലഞ്ഞത്.

ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകാന്‍ മടിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ഒപികള്‍ അല്‍പസമയം തടസ്സപ്പെട്ടാല്‍ത്തന്നെ അത് ബാധിക്കുന്നത് ആയിരക്കണക്കിന് രോഗികളെയാണ്. കാരണം നിരവധി രോഗികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നത് ഈ ആശുപത്രികളിലേക്കാണ്.

കേരള മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷനാണ് ശമ്പളപരിഷ്‌കരണം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സൂചനാ സമരം നടത്തിയത്. എന്നാല്‍ അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിരുന്നില്ല.

2006-ലാണ് അവസാനമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് ശമ്പളപരിഷ്‌കരണം ലഭിച്ചത്. 2016-ല്‍ വീണ്ടും ശമ്പളം പരിഷ്‌കരിക്കേണ്ടതായിരുന്നു എന്നാല്‍ ഇതുണ്ടായില്ല. ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് ഡോക്ടര്‍മാര്‍ സൂചനാ സമരം നടത്തുന്നത്.

Top