മെഡിക്കല്‍ കോളേജുകളിലെ ഹോസ്റ്റൽ നിയന്ത്രണം;സർക്കാർ നിലപാടിൽ വ്യക്തത തേടി ഹൈക്കോടതി

കൊച്ചി: മെഡിക്കല്‍ കോളേജുകളിലെ ലേഡീസ് ഹോസ്റ്റലുകളിലെ രാത്രി കാല നിയന്ത്രണങ്ങളെ കുറിച്ചുള്ള പുതിയ ഉത്തരവില്‍ സര്‍ക്കാരെടുത്ത നിലപാടില്‍ വ്യക്തത തേടി ഹൈക്കോടതി. മെഡിക്കല്‍ കോളേജിന് മാത്രമായാണോ ഉത്തരവ് ബാധകം അതോ എന്‍ജിനിയറിംഗ് കോളേജുകള്‍ക്കും ഉത്തരവ് പ്രകാരം പരിഗണന ലഭ്യമാകുന്നുണ്ടോ, 9.30ക്ക് ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടോ എന്നീ കാര്യങ്ങളിലും സര്‍ക്കാര്‍ വിശദീകരണം നല്‍കണം.വനിതാ കമ്മീഷനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

രാത്രി 9.30ക്ക് ശേഷം മൂവ്‌മെന്റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയന്ത്രണങ്ങള്‍ സമാനമല്ലേ എന്ന് ചോദിച്ച കോടതി പുതിയ ഉത്തരവ് ഭേദമാണെന്ന് വാക്കാല്‍ അഭിപ്രായപ്പെട്ടു.രാത്രി 9.30ക്ക് ശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി നല്‍കിയിരുന്നു.ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.

ഹര്‍ജി പരിഗണനയിലിരിക്കെ തന്നെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പ്രവേശനത്തിന് ലിംഗ വിവേചനം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടാം വര്‍ഷം മുതല്‍ക്കുളള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് ബാധകം. 9.30 ക്ക് ശേഷം പുറത്തേക്ക് ഇറങ്ങാന്‍ നിയന്ത്രണമുണ്ടെന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടിരുന്നത്. മൂവ്‌മെന്റ് രജിസ്റ്റര്‍ കാണാന്‍ മാതാപിതാക്കളേയും അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ക്യാംപസുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളുടെ കാര്യം മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്തതെന്ന് കോടതി എടുത്തു പറഞ്ഞു.കുട്ടികളെ തുറന്ന് വിടണം എന്നല്ല പറഞ്ഞത്, അവരെ അവിശ്വസിക്കുന്ന സാഹചര്യം പാടില്ലെന്നാണ് അര്‍ത്ഥമാക്കിയതെന്നും കോടതി പറഞ്ഞു. അച്ചടക്ക പാലനത്തിന് വേണ്ടി സമയ നിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ലിംഗ സമത്വനയം ആവശ്യമാണെന്നും വനിതാ കമ്മീഷനു വേണ്ടി അഡ്വ പാര്‍വ്വതി മേനോന്‍ അറിയിച്ചു. കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

Top