കേരളം വെന്തുരുകുന്നു; കൊച്ചിയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. വാഹന പരിശോധനയ്ക്കിടെയാണ് ഭരതൻ എന്ന പൊലീസ് ഉദ്യാഗസ്ഥൻ തളർന്നു വീണത്. സംസ്ഥാനത്ത് ഇന്ന് തന്നെ എട്ടു പേർക്ക് സൂര്യാഘാതമേറ്റിരുന്നു.

സംസ്ഥാനത്ത് ചൂട് ക്രമാതാതമായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 9 ജില്ലകൾക്ക് അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോട് ജില്ലകളിൽ അടുത്ത 48 മണിക്കൂറിൽ താപനില ശരാശരിയിൽ നിന്ന് രണ്ടുമുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കൊടുംചൂടിൽ ബുധനാഴ്ച മാത്രം സൂര്യാതപമേറ്റത് 102 പേർക്കാണ്. ഇതിൽ രണ്ടുപേർക്ക് സൂര്യാതപവും 46പേർക്ക് പൊള്ളലുമേറ്റു. 54 പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകൾ രൂപപ്പെട്ടു.

താപമാപിനിയിൽ ബുധനാഴ്ച ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ് 41 ഡിഗ്രി.പാലക്കാട് ജില്ലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് താപനില 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരിൽ 38.5 ഡിഗ്രി ചൂട് അനുഭവപ്പെട്ടു.

ആലപ്പുഴയിൽ താപനില ശരാശരിയിൽ 3.2 ഡിഗ്രിയും പുനലൂരിൽ 3.1 ഡിഗ്രിയും മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ 2.6 ഡിഗ്രിയും കോട്ടയത്ത് 2.5 ഡിഗ്രിയും കോഴിക്കോട് 2.7 ഡിഗ്രിയും ഉയർന്നു. അൾട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇൻഡക്‌സ്) 12 യൂനിറ്റ് എന്നത് മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ വെയിലേറ്റാൽ തളർന്നുവീഴുന്ന സ്ഥിതിയുണ്ട്. ഇത്തരം ശാരീരിക പ്രശ്‌നങ്ങളുമായാണ് കൂടുതൽ പേർ ചികിത്സതേടുന്നത്.

Top