ഇരുചക്രവാഹനയാത്രികരെ ഏറ്റവുമധികം വെല്ലുവിളിക്കുന്ന കാര്യങ്ങളാണ് മഴയും വെയിലും. എന്നാല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഹവായിയില്‍ നിന്നുള്ള സ്റ്റീവ് ഫെഹറിന്റെ എ.സി ഹെല്‍മറ്റ് വിപണിയിലെത്തുന്നു. എസി ഹെല്‍മറ്റ് 1 എന്നര്‍ത്ഥം വരുന്ന എസിഎച്ച് 1 എന്നതാണ് ഈ ഹെല്‍മറ്റിന് നല്കിയിരിക്കുന്ന പേര്. എസി ഘടിപ്പിച്ച് വിപണിയിലെത്തുന്ന ആദ്യ ഹെല്‍മറ്റാണ് എസിഎച്ച് 1 .
ആഡംബര കാറുകളില്‍ സീറ്റ് തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന തെര്‍മോഇലക്ട്രിക് സാങ്കേതിക വിദ്യയാണ് എസി ഹെല്‍മറ്റിലും ഉപയോഗിക്കുന്നത്. വലുപ്പക്കുറവാണ് എന്നതാണ് ഈ ടെക്‌നോളജി ഹെല്‍മറ്റിനു വേണ്ടി സ്വീകരിക്കാന്‍ കാരണമായത്. ഈ ടെക്‌നോളജി ഹെല്‍മറ്റില്‍ ഉപയോഗിക്കുന്നതിനായി സ്റ്റീവ് ഫെഹര്‍ രൂപം നല്‍കിയ ടര്‍ബുലര്‍ സ്‌പെസര്‍ ഫാബ്രിക് സഹായിക്കുന്നു. ഈ ഫാബ്രിക് വഴി തണുത്ത ശീതീകരിച്ച കാറ്റ് ഹെല്‍മറ്റിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഹെല്‍മറ്റിന്റെ ഉള്‍വശത്ത് തണുപ്പ് അനുഭവപ്പെടുമെങ്കിലും അത് പരിധി വിടില്ല. ഹെല്‍മറ്റിലേക്ക് കയറുന്ന കാറ്റിന്റെ ചൂട് സ്‌പെസര്‍ ഫാബ്രിക് ശമിപ്പിക്കും. തുടര്‍ന്ന് നേരിയ തണുപ്പുള്ള കാറ്റാണ് ഹെല്‍മറ്റിന്റെ ഉള്‍വശത്തേക്ക് എത്തുന്നത്. തണുപ്പിക്കുക എന്നതിലുപരി തലയിലേക്ക് എത്തുന്ന ചൂട് കുറയ്ക്കുക എന്നതായിരിക്കും എസിഎച്ച് 1 ഹെല്‍മറ്റിന്റെ ലക്ഷ്യം.
ഹെല്‍മറ്റിന്റെ മുന്‍വശത്ത്കൂടിയും പിന്‍വശത്ത് കൂടിയും കാറ്റു കടക്കാനുള്ള സൗകര്യമുണ്ട്. ഹെല്‍മറ്റിന്റെ പുറകു വശത്തായാണ് എസിയുടെ എക്‌സ്‌ഹോസ്റ്റ് ഭാഗം ഘടിപ്പിച്ചിരിക്കുന്നത്. അകത്തേക്ക് കയറുന്ന വായു ഇവിടെത്തി ശീതീകരിച്ച ശേഷമാണ് ഉള്ളിലേക്ക് പോവുന്നത്. എക്‌സ്‌ഹോസ്റ്ററില്‍ നിന്ന് ചൂട് ഹെല്‍മറ്റിന്റെ പുറക് വശത്ത് താഴെയുള്ള പൈപ്പിലൂടെ പുറന്തള്ളുകയും ചെയ്യും.
സ്വാഭാവികമായും എസി പ്രവര്‍ത്തിക്കണമെങ്കില്‍ ഉയര്‍ന്ന ക്ഷമതയുള്ള ബാറ്ററികള്‍ വേണ്ടി വരും. 3000 mAh ബാറ്ററിയില്‍ 2 മണിക്കൂറും, 6000 mAh ബാറ്ററിയില്‍ 4 മണിക്കൂറും 12000 mAh ബാറ്ററിയില്‍ 6 മണിക്കൂറും ഹെല്‍മറ്റിലെ എസി പ്രവര്‍ത്തിക്കും. ബാറ്ററി ഹെല്‍മറ്റിന് പുറത്ത് വാഹനത്തില്‍ ഘടിപ്പിക്കാന്‍ തക്ക രീതിയിലാണ് ഇപ്പോള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇതിന് താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഹെല്‍മെറ്റിന്റെ ഭാഗമായി ബാറ്ററി കൂടി ഘടിപ്പിക്കാനും കഴിയുമെന്നും സ്റ്റാവ് ഫെഹര്‍ പറയുന്നു. ഹെല്‍മറ്റിന് അനുയോജ്യമായ 12000 ന്റെ ബാറ്ററിയും നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. ഇത് ഹെല്‍മറ്റിനൊപ്പം പ്രത്യേകം വില കൊടുത്ത് വാങ്ങണം. നിലവില്‍ 549.99 ഡോളറാണ് ഹെല്‍മറ്റിന് വിലയുള്ളത്. ഏകദേശം 38600 രൂപയാണ്. ഹെല്‍മറ്റ് എപ്പോള്‍ വിപണികളേക്ക് എത്തുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.