കുവൈറ്റ് സിറ്റി ചുട്ടുപൊള്ളുന്നു;ചൂട് കാറ്റടിക്കാനും സാധ്യത

കുവൈറ്റ്: ശക്തമായ ചൂടില്‍ കുവൈറ്റ് സിറ്റി ചുട്ടുപൊള്ളുന്നു. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെട്ട ചൊവ്വാഴ്ച കൂടിയ താപനില 49 ഡിഗ്രിയും കുറഞ്ഞത് 34 ഡിഗ്രിയുമാണ്. വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില ഗണ്യമായി വര്‍ധിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. വടക്ക്പടിഞ്ഞാറന്‍ കാറ്റടിച്ചു വീശിയത് ചില സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരാനും ഇടയാക്കി.

മണിക്കൂറില്‍ 20- 45 ഡിഗ്രിയില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റടിക്കുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. പകല്‍ പത്തിനും നാലിനും ഇടക്ക് സൂര്യാതപം നേരിട്ടേല്‍ക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ വെള്ളവും പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും നിര്‍ദേശമുണ്ട്. പുറംജോലിക്കാര്‍ക്ക് അതികഠിനമാണ് വേനല്‍കാലം. ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് തൊഴിലാളികള്‍ക്ക് ആശ്വാസമാണ്.

ഉച്ച വിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാന്‍ അധികൃതര്‍ നിരീക്ഷണം തുടരുന്നുണ്ട്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലിചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top