രാജ്യത്തെ ഭീതിയിലാഴ്ത്തിയ മുംബൈ ഭീകരാക്രമണം ആസ്പദമാക്കി ഒരുങ്ങുന്ന ‘ഹോട്ടല്‍ മുംബൈ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ആസ്ട്രേലിയന്‍ സംവിധായകനായ ആന്റണി മരാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവ് പട്ടേല്‍, അനുപം ഖേര്‍, ആര്‍മി ഹാമെര്, ടില്‍ഡ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊറന്റൊ രാജ്യാന്തര മേളയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ നടന്നിരുന്നു. മാര്‍ച്ച് 2019ലാണ് ചിത്രം റിലീസ് ചെയ്യുക.
2008 നവംബര്‍ 26 മുതല്‍ 29 വരെ നടന്ന ഭീകരാക്രമണത്തില്‍ 164 പേര് മരിക്കുകയും 308 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദക്ഷിണമുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ്, ഒബ്റോയ് ട്രൈഡന്റ് ഹോട്ടല്‍, താജ്മഹല്‍ ഹോട്ടല്‍, ലിയോപോള്‍ കഫെ, കാമ ഹോസ്പിറ്റല്‍, നരിമാന് ഹൗസ്, ദ് മെട്രോ ഹൗസ്, ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തിനു സമീപം തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടന്നത്. 28 നു പുലര്‍ച്ചയോടെ താജ് ഹോട്ടല്‍ ഒഴികെയുള്ള കേന്ദ്രങ്ങള്‍ പൊലീസ് വീണ്ടെടുത്തു. എന്‍എസ്ജി കമാന്‍ഡോകളാണ് അവസാനത്തെ ഭീകരനെയും കൊലപ്പെടുത്തി താജ്ഹോട്ടലും മോചിപ്പിച്ചത്.