ന്യൂഡല്‍ഹി : മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനും കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടണില്‍ ഹോട്ടലുകളും ആഡംബര വസതികളുമടക്കം കോടികളുടെ സമ്പാദ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് പത്രമായ ദി ടൈംസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ഇന്ത്യ, യുഎഇ, സ്‌പെയിന്‍, മൊറോക്കോ, തുര്‍ക്കി, സൈപ്രസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്നതാണ് ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ അധികൃതര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറിയ രേഖകളില്‍ നിന്നു കിട്ടിയ വിവരങ്ങളും പനാമ പേപ്പര്‍ വിവരങ്ങളും പരിശോധിച്ചാണ് ടൈംസ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ദാവൂദിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.
ദാവൂദ് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നു എന്നാണ് ഇന്ത്യന്‍ അധികൃതര്‍ നിരന്തരം ഉന്നയിക്കുന്നത്. ഇക്കാര്യം പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ദാവൂദിന്റെ ബ്രിട്ടണിലെ സ്വത്തുക്കള്‍ വലംകൈയായ മുഹമ്മദ് ഇഖ്ബാല്‍ എന്ന മിര്‍ച്ചി മേമനാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.