തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകള്‍ വെട്ടിചുരുക്കി

കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകള്‍ വെട്ടിചുരുക്കിയതായി ഉത്തരവിറക്കി ജില്ലാകളക്ടര്‍മാര്‍. തിരുവനന്തപുരം ജില്ല കൊവിഡ് മുക്തമായതിന് പിന്നാലെ ജില്ലയിലെ എല്ലാ ഹോട്ട്‌സ്‌പോട്ടുകളും റദ്ദാക്കുന്നതായി തിരുവന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ കഴിഞ്ഞ ആഴ്ച ഹോട്ട് സ്‌പോട്ട് പട്ടികയില്‍പ്പെടുത്തിയ നെയ്യാറ്റിന്‍കര പഞ്ചായത്ത് അടക്കം ജില്ലയിലെ മുഴുവന്‍ ഹോട്ട് സ്‌പോട്ടുകളിലും ഇനി കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല.

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന നാല് കൊവിഡ് രോഗികളുടേയും ഫലം ഇന്ന് നെഗറ്റീവായതിന് പിന്നാലെ ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക ജില്ലാ ഭരണകൂടം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാര്‍ഡുകളെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ റദ്ദാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.

കിഴക്കോത്ത് (12ാം വാര്‍ഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂര്‍ (6), ചെക്യാട് (10), തിരുവള്ളൂര്‍ (14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8), എടച്ചേരി (16), ഏറാമല (2) എന്നീ പഞ്ചായത്തുകളും വാര്‍ഡുകളുമാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. അതേസമയം ജില്ലയില്‍ ഹോട്ട്സ്പോട്ടുകളായി തുടരുന്ന കോടഞ്ചേരി, അഴിയൂര്‍ പഞ്ചായത്തുകളിലും വടകര മുന്‍സിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 42 മുതല്‍ 45 വരെയും വാര്‍ഡ് 54 മുതല്‍ 56 വരെയുമുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.

Top