house-cheating-case-advocate-arrest

arrest

കൊച്ചി : ആഡംബരവീട് വില്‍ക്കാനുണ്ടെന്നു പറഞ്ഞു സിനിമാ നിര്‍മ്മാതാവിനെ കബളിപ്പിച്ച് മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ഹൈക്കോടതി അഭിഭാഷകന്‍ അറസ്റ്റില്‍.

പുലിമുരുകന്‍ സിനിമയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഹൈക്കോടതി അഭിഭാഷകന്‍ സര്‍വനാഥനാണ് അറസ്റ്റിലായത്.

സഹോദരന്റെ ആഡംബരവീട് വില്‍ക്കാനുണ്ടെന്നു കാണിച്ച് പണം തട്ടുകയും പിന്നീട് കരാര്‍ തെറ്റിച്ച് വീട് നല്‍കാതിരിക്കുകയും ചെയ്‌തെന്നാണ് കേസ്.

വ്യാജരേഖ ചമച്ച് വീട് മറ്റൊരാള്‍ക്ക് വിറ്റതായി രേഖയുണ്ടാക്കുകയും ചെയ്തു. 2014ല്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ആലുവ പൊലീസ് കേസെടുത്തത്.

അങ്കമാലി തുറവൂര്‍ മൂപ്പന്‍കവല പാര്‍വതിവില്ലയില്‍ താമസിക്കുന്ന ചാലക്കുടി കൊരട്ടി പഴവേലില്‍ വീട്ടില്‍ അഡ്വ. പി.എസ് സര്‍വനാഥന്‍, ഭാര്യ, ഇയാളുടെ സഹോദരന്‍, മറ്റൊരു കൂട്ടാളി എന്നിവരാണ് കേസിലെ പ്രതികള്‍.

ഇതില്‍ സര്‍വനാഥന്‍ ഒഴികെയുള്ളവര്‍ അമേരിക്കയില്‍ ആയതിനാല്‍ പിടികൂടാനായിട്ടില്ല. ചെങ്ങമനാട് മധുരപ്പുറത്ത് സര്‍വനാഥന്റെ സഹോദരന്റെ പേരിലുള്ള 21,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നല്‍കാമെന്നു പറഞ്ഞാണ് ടോമിച്ചനില്‍ നിന്നു പണം തട്ടിയെടുത്തത്.

പണം കൈപ്പറ്റി കരാര്‍ കാലാവധി കഴിഞ്ഞിട്ടും കെട്ടിടം രജിസ്റ്റര്‍ ചെയ്ത് നല്‍കാതെ തൃശ്ശൂര്‍ സ്വദേശിയായ ഒരു രാഷ്ട്രീയനേതാവിന് 12 ലക്ഷത്തിനു വീടു വിറ്റതായി രേഖയുണ്ടാക്കി.

പിന്നീട് പാലക്കാട് സ്വദേശിയായ മറ്റൊരാള്‍ക്ക് ആറ് കോടി രൂപയ്ക്ക് സ്ഥലവും കെട്ടിടവും മറിച്ചു വില്‍ക്കുകയും ചെയ്തു. സര്‍വനാഥന്റെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിപ്പിന് ഒത്താശ ചെയ്ത് നല്‍കിയ ഇടനിലക്കാരനെയും അമേരിക്കയിലേക്കു കൊണ്ടുപോയി. കോടതി നിര്‍ദേശപ്രകാരം ആലുവ ഡിവൈഎസ്പി വൈ.ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Top