കൊച്ചി: എസ്എന്‍ഡിപി ശാഖയ്ക്ക് മുന്നില്‍ സമരവുമായി വീട്ടമ്മ. ആലങ്ങാട് കൊടുവഴങ്ങ ശ്രീജിത്ത് ഭവനില്‍ ഓമനയാണ് എസ്എന്‍ഡിപി എറണാകുളം പറവൂര്‍ യൂണിയന്റെ കീഴിലെ കൊടുവഴങ്ങ ശാഖയ്ക്കു മുന്നില്‍ സമരം ചെയ്യുന്നത്. ഇതേ ശാഖയിലെ മുന്‍ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു ഇവര്‍.
എസ്എന്‍ഡിപി ശാഖയ്ക്ക് വസ്തു വാങ്ങുന്നതിന് സ്വന്തം സ്ഥലം ജാമ്യമായി ഓമന നല്‍കിയിരുന്നു. എസ്എന്‍ഡിപി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ജാമ്യവസ്തു ജപ്തി ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചതിനെ തുടര്‍ന്നാണ് സമരം.
ഓമനയുടെ 12 സെന്റ് സ്ഥലം ജാമ്യമായി നല്‍കിയാണ് ശാഖയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിനായി ഭൂമിവാങ്ങാന്‍ വായ്പയെടുത്തത്. മൂന്നുവര്‍ഷം മുമ്പ് ഓമന കൂടി അംഗമായ ഭരണസമിതിയുടേതായിരുന്നു തീരുമാനം. എന്നാല്‍ ഭരണസമിതിയില്‍ നിന്ന് ഓമനയടക്കം ആറുപേര്‍ രാജിവച്ചതോടെ ഭരണം പറവൂര്‍ യൂണിയന് ഏറ്റെടുത്തു. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി.
തിരിച്ചടവ് മുടങ്ങിയതോടെ ജാമ്യവസ്തു ജപ്തി ചെയ്യാന്‍ ബാങ്ക് കോടതിയെ സമീപിച്ചു. എന്നാല്‍ വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ യൂണിയനും കൈവിട്ടതോടെയാണ് വീട്ടമ്മ സമരത്തിനിറങ്ങിയത്. എന്നാല്‍ പഴയഭരണസമിതി രേഖകള്‍ കൈമാറാത്തതിനാല്‍ വായ്പയടവ് മുടങ്ങിയെന്നാണ് പറവൂര്‍ യൂണിയന്റെ വാദം.
അതേസമയം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇടപെട്ട് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ സമരം കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് വ്യാപിപ്പിക്കുമെന്ന നിലപാടിലാണ് വീട്ടമ്മയിപ്പോള്‍.