സിംഗപ്പൂര്‍: വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സി നല്‍കിയ പരസ്യം വിവാദത്തില്‍. എസ്.ആര്‍.സി റിക്രൂട്ട്‌മെന്റ് എല്‍.എല്‍.പി എന്ന ഏജന്‍സിയാണ് വീട്ടുജോലിക്കാരികള്‍ വില്‍പനയ്ക്ക് എന്ന പരസ്യം നല്‍കിയതിനെ തുടര്‍ന്ന് വെട്ടിലായത്.
സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരികളില്‍ ഭൂരിപക്ഷം പേരും ഇന്തോനേഷ്യക്കാരാണ്. തങ്ങളെ അപമാനിക്കുന്ന തരത്തിലാണ് ഏജന്‍സി പരസ്യം നല്‍കിയതെന്ന് ആരോപിച്ച് ഇന്തോനേഷ്യക്കാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് വിഷയത്തില്‍ സിംഗപ്പൂര്‍ തൊഴില്‍ മന്ത്രാലയം ഇടപെടുകയായിരുന്നു.
ഏജന്‍സിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത മന്ത്രാലയം ഇനിയും ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയാല്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് താക്കീതും നല്‍കി. ‘വില്‍പനയ്ക്ക്’ എന്നതിന് പുറമെ വിറ്റഴിക്കപ്പെട്ടു എന്ന് തുടങ്ങിയ വാചകങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടുജോലിക്കാരെ ഇത്തരത്തില്‍ കമ്പോള സാധനങ്ങളായി പരിഗണിക്കുന്ന പ്രവണതയെ അംഗീകരിക്കാനാകില്ലെന്ന് എംപ്ലോയ്‌മെന്റ് ഏജന്‍സി കമ്മീഷണര്‍ കെവിന്‍ തിയോയും വ്യക്തമാക്കി.
മലേഷ്യയെയോ മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയോ അപേക്ഷിച്ച് സിംഗപ്പൂര്‍ വീട്ടുജോലിക്കാര്‍ക്ക് ഭേദപ്പെട്ട വേതനം നല്‍കുന്ന രാജ്യമാണ്. അതിനാല്‍ തന്നെ ധാരാളം പേര്‍ ഇന്തോനേഷ്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും വീട്ടുജോലിക്കായി ഇവിടെയെത്തുന്നുണ്ട്. ഇവരെ അപമാനിക്കുന്ന തരത്തിലാണ് എംപ്ലോയ്‌മെന്റ് ഏജന്‍സി പരസ്യം നല്‍കിയതെന്നാരോപിച്ച് വിവിധ എന്‍ജിഒകളും രംഗത്തെത്തിയിട്ടുണ്ട്.