തിരുവനന്തപുരം: വനിതാ ഡോക്ടറെ ഉറക്കഗുളിക കൊടുത്ത് മയക്കി സ്വര്‍ണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരി പൊലീസ് പിടിയില്‍. പത്തനംതിട്ട വാളിക്കോട് നെടിയപുരം കമ്മഞ്ചേരില് വീട്ടില്‍ രഞ്ജന തോമസിനെ(44) ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12ന് രാവിലെ 11നായിരുന്നു സംഭവം. ഉള്ളൂരില്‍ താമസിക്കുന്ന വനിതാ ഡോക്ടറുടെ വീട്ടില്‍ ഹോം നഴ്സായും വീട്ടുജോലികളും ചെയ്തു വന്നിരുന്ന രഞ്ജന തോമസ് ചായയില്‍ ഉറക്കഗുളികകള്‍ കലക്കി നല്കി.
ഇതിന് പിന്നാലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു പവന്റെ വളയും 1500 രൂപയും മോഷ്ടിച്ച് കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം ജവഹര്‍ നഗറിലെ വാടക വീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ചെടുത്ത സ്വര്‍ണം പണയം വച്ച സ്ഥാപനത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.