കൊച്ചി: എറണാകുളം സൗത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. അൻപത്തിയേഴ് വയസുള്ള പുഷ്പവല്ലി ആണ് മരിച്ചത്. രവിപുരം അറ്റ്‍ലാന്‍റിസിന് അടുത്ത് ഇവർ കുടുംബമായി താമസിക്കുന്ന ഓടിട്ട വീട്ടിൽ തീ പടരുകയായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശാസ്ത്രീയ പരിശോധനയിലൂടെയേ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് പുഷ്പവല്ലിയുടെ വീടിന് തീപിടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് വീടിനകത്ത് തീ പടരുന്നതാണ്. അഗ്നി ശമന സേനയെത്തി തീകെടുത്തുമ്പോഴേക്കും പുഷ്പവല്ലിയുടെ ശരീരം കത്തിയമർന്നിരുന്നു. 57 വയസുള്ള പുഷ്പവല്ലി മാത്രമാണ് തീപിടിക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്.
പുഷ്പവല്ലിയുടെ രണ്ട് മക്കളും ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു. പുഷ്പവല്ലി മാനസിക ചികിത്സ തേടിയുന്നതായി പൊലീസ് അറിയിച്ചു. പാചകവാതകം ഉപയോഗിക്കാത്ത വീട്ടിൽ എങ്ങിനെയാണ് തീപടർന്നതെന്ന് വ്യക്തമല്ല. ആത്മഹത്യയാണോ എന്നും സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വൈദ്യുതി വിദഗ്ധന്‍റെ പരിശോധന ഫലവും ലഭിച്ചാലേ മരണകാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.