കൊവിഡ്19 എത്രത്തോളം അപകടകാരിയാണ്; ഇറ്റലിയിലെ മരണസംഖ്യ വഴിതെറ്റിക്കുന്നോ?

കൊറോണാവൈറസ് ബാധിച്ച് ഇറ്റലിയില്‍ നടക്കുന്ന മരണങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍ അത്രയ്‌ക്കൊന്നും ഭയപ്പെടേണ്ടെന്ന് റിപ്പോര്‍ട്ട്. നിലവിലെ കണക്ക് വെച്ച് നോക്കിയാല്‍ രോഗബാധിതരായി സ്ഥിരീകരിച്ചവരില്‍ 10% പേരാണ് മരിക്കുന്നത്. ഇത് ഞെട്ടിക്കുന്ന അവസ്ഥയാണെങ്കിലും പൊതുജനങ്ങളുടെ കണ്ണില്‍ പെടാതെ പോകുന്ന മറ്റൊരു വസ്തുതയിലേക്കാണ് ചില വിദഗ്ധര്‍ ശ്രദ്ധ ക്ഷണിക്കുന്നത്. ഇത് രാജ്യത്ത് യഥാര്‍ത്ഥത്തില്‍ കൊറോണ പോസിറ്റീവായി മാറിയവരുടെ എണ്ണമാണ്, ഇവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച പട്ടികയില്‍ പെടുത്താനും സാധ്യതയില്ല.

ഇറ്റലിയില്‍ 7503 പേരാണ് കൊറോണയ്ക്ക് കീഴടങ്ങിയത്. ഇന്‍ഫെക്ഷന്‍ പിടിപെട്ടവരുടെ എണ്ണം 74,386 ആയി നില്‍ക്കുന്നു. ഈ കണക്ക് വെച്ചാണ് 10 ശതമാനം പേര്‍ മരിക്കുന്നതായി കണക്കാക്കുന്നത്. മരിക്കുന്നവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗിക പട്ടികയില്‍ ഇടംപിടിക്കുന്ന വേഗത്തില്‍ പോസിറ്റീവ് രോഗികളുടെ എണ്ണമെടുപ്പ് കൃത്യമായി നടക്കുന്നില്ലെന്നതാണ് ഭയം വേണ്ടെന്ന് പറയുന്നതിന്റെ രഹസ്യം. ഒരു രാജ്യത്തെ എല്ലാ ജനങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കുന്നത് പ്രാവര്‍ത്തികമല്ല.

രണ്ടാഴ്ചയെങ്കിലും വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ അകത്ത് കിടക്കുകയും ചെയ്യും. യുവാക്കളില്‍ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ, തീരെ കാണാതെ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥയുമുണ്ട്. ഈ ഘട്ടത്തിലാണ് മരണനിരക്ക് വളരെ ഉയര്‍ന്നതായി പൊതുവില്‍ അനുഭവപ്പെടുന്നത്. ഇതിന് ഏറ്റവും മികച്ച ഉദാഹരണം ജര്‍മ്മനിയാണ്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ടെസ്റ്റിംഗ് നടത്തുന്നതില്‍ വിജയിച്ച ആ രാജ്യത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുതലാണ്, ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് കേവലം 0.5 ശതമാനത്തില്‍ താഴെയാണ്.

ഇറ്റലിയില്‍ മരണനിരക്ക് രേഖപ്പെടുത്തുന്നതിലെ രീതി ഇറ്റാലിയന്‍ ആരോഗ്യ മന്ത്രിയുടെ ഉപദേശകന്‍ കൂടിയായ പ്രൊഫസര്‍ വാള്‍ട്ടര്‍ റിസിയാര്‍ഡി വിശദീകരിച്ചത് ഇങ്ങനെയാണ്’ആശുപത്രിയില്‍ മരിക്കുന്ന ആള്‍ക്ക് കൊറോണാവൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ മരണം കൊറോണ മൂലമെന്ന് കണക്കാക്കുകയാണ്’. ഇരകളില്‍ 75 വയസ്സിന് മുകളില്‍ പ്രായമുള്ള പലര്‍ക്കും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. വൈറസ് ഒരു കാരണമായി മാറാമെങ്കിലും ഇതില്ലെങ്കിലും ഇവര്‍ ജീവന്‍ പിടിച്ചുനിര്‍ത്തുമെന്ന് ഉറപ്പില്ലാത്തവരാണ്.

വാര്‍ത്തകള്‍ സെന്‍സേഷനായി നല്‍കുന്ന രീതി ശീലിച്ച മാധ്യമങ്ങള്‍ തന്നെയാണ് പലപ്പോഴും ഭയപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവിടുന്നതും.

Top