പ്രതിപക്ഷ പ്രതീക്ഷകൾ എത്ര നാൾ ? ആത്മവിശ്വാസത്തിൽ ഇടതുപക്ഷവും

തെരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പേ, വിജയം സ്വയം പ്രഖ്യാപിച്ച്, സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. പുതിയ സര്‍ക്കാറിലെ, മന്ത്രിമാരുടെ സാധ്യത ലിസ്റ്റുകള്‍ വരെ, ഇപ്പോഴേ തയ്യാറാണ്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ കാഴ്ചകളാണിത്. പാലക്കാട്ട് നിന്നും മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍, എം.എല്‍.എ ഓഫീസ് എടുത്താണ്, കേരളത്തിന്റെ പതിവ് രീതി തെറ്റിച്ചിരിക്കുന്നത്. സിറ്റിങ്ങ് എം.എല്‍.എയായ ഷാഫി പറമ്പലിനെ, പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഇതിനു പിന്നാലെ ,ബി.ജെ.പിക്ക് സിറ്റിംങ്ങ് എം.എല്‍.എയുള്ള നേമത്തും, സമാനമായ ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയുളളത്.തെരഞ്ഞെടുപ്പ് ഫലം എന്തായാലും, നേമത്തിന്റെ പ്രവര്‍ത്തന ചുമതല, കുമ്മനം രാജശേഖരനാണ് ആര്‍എസ്എസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. നേമത്ത് കുമ്മനം ജയിക്കുമെന്ന് തന്നെയാണ് ആര്‍എസ്എസും പ്രതീക്ഷിക്കുന്നത്. ഇനി അഥവാ ഫലം മറിച്ചാണെങ്കിലും, അദ്ദേഹം മണ്ഡലത്തില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കട്ടെയെന്നാണ്,സംഘടനാ തീരുമാനം.

നേമത്തിന്റെ വികസനത്തിന് ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞെന്നാണ്, കുമ്മനം രാജശേഖരനും പ്രതികരിച്ചിരിക്കുന്നത്. നേമത്തെ ജയവും തോല്‍വിയും ആ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും, അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേമത്ത് ആസൂത്രണ സമിതി വിദഗ്ദ്ധന്‍മാരടങ്ങുന്ന ഒരു സമിതി തന്നെ, കുമ്മനത്തി നേതൃത്വത്തില്‍ രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടന്നതായി സ്ഥിരീകരിച്ചിരിക്കുന്നതും, കുമ്മനം രാജശേഖരന്‍ തന്നെയാണ്. വികസന പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേമത്ത് ജയിക്കുക കൂടി ചെയ്താല്‍, സംസ്ഥാന ബിജെപിയില്‍ കുമ്മനത്തിന് കരുത്തുകൂടുമെന്നും, തല്‍ക്കാലം സംഘടനാ പ്രചാരകനെന്ന പഴയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ലെന്നുമാണ്, ആര്‍എസ്എസും കണക്കു കൂട്ടുന്നത്. മഞ്ചേശ്വരം, തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം, തൃശൂര്‍, കോന്നി, ചാത്തന്നൂര്‍, കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങളിലും, ബി.ജെ.പി വലിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഭരണം പിടിക്കും എന്ന അവകാശവാദത്തില്‍ നിന്നും മാറി, ത്രിശങ്കു സഭയില്‍, നിര്‍ണ്ണായക ശക്തിയാകും എന്ന വാദമാണിപ്പോള്‍, ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്. യു.ഡി.എഫില്‍ ആകട്ടെ, കാര്യങ്ങള്‍ ഇതിനേക്കാള്‍ വിചിത്രമാണ്. അവിടെ, മന്ത്രിമാര്‍ ആരൊക്കെ, എന്ന ചര്‍ച്ചകള്‍ തന്നെ തുടങ്ങി കഴിഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെങ്കില്‍, ആഭ്യന്തരം ‘എ’ ഗ്രൂപ്പിന് എന്നതാണ് ഒരു ചര്‍ച്ച. മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കിടുന്ന ഫോര്‍മുലയും, കോണ്‍ഗ്രസ്സില്‍ തയ്യാറാണ്. കെ.മുരളീധരന്‍ നേമത്ത് നിന്നും ജയിച്ചാല്‍, മന്ത്രിസഭയില്‍ ഉന്നത പദവി നല്‍കുമെന്ന കാര്യത്തില്‍ മാത്രമാണ്, തര്‍ക്കമില്ലാതിരിക്കുന്നത്. ചെന്നിത്തലയെ വെട്ടാന്‍, മുരളിയെ ഉമ്മന്‍ ചാണ്ടി കൂട്ടുപിടിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ചേരി തിരിഞ്ഞ്, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിശ്ചയിക്കുന്ന തിരക്കിലാണിപ്പോള്‍, ഗ്രൂപ്പ് നേതാക്കള്‍.

വിജയ പ്രതീക്ഷക്ക് അപ്പുറം മറ്റൊന്നും തന്നെ ചിന്തിക്കാന്‍ പോലും, കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇഷ്ടപ്പെടുന്നില്ല. ജയിക്കുമെന്ന് ഗ്രൂപ്പ് നേതാക്കള്‍ കരുതുന്ന സ്ഥാനാര്‍ത്ഥികളെ, വലയിലാക്കാനുള്ള നീക്കങ്ങളും, അണിയറയില്‍ സജീവമാണ്. എം.എല്‍.എമാരുടെ എണ്ണമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യോഗ്യത, എന്നു തിരിച്ചറിഞ്ഞാണ്, ഈ നീക്കങ്ങള്‍. ഘടക കക്ഷികളെ ഒപ്പം നിര്‍ത്താനും, എ – ഐ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നുണ്ട്. മുസ്ലീം ലീഗ് നേതൃത്വം, ഉമ്മന്‍ ചാണ്ടിയെ പിന്തുണയ്ക്കുമെന്നാണ് എ ഗ്രൂപ്പ് കരുതുന്നത്. പി.ജെ. ജോസഫും, ആര്‍.എസ്.പിയുമാകട്ടെ, ഇതുവരെ ഒരു ഗ്രൂപ്പിനും പിടികൊടുത്തിട്ടുമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ്സ് തന്നെ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഈ പാര്‍ട്ടികള്‍. എന്നാല്‍, അനിവാര്യമായ ഘട്ടത്തില്‍ ഇവരും നിലപാട് മാറ്റാനാണ് സാധ്യത.ഭരണം കിട്ടിയാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകണമെന്നതാണ്, മുസ്ലീംലീഗിലെ പൊതുവികാരം. മലപ്പുറം ജില്ലയിലെ മുഴുവന്‍ സീറ്റും ഇത്തവണ നേടുമെന്നാണ് ലീഗ് അവകാശപ്പെടുന്നത്. 22 സീറ്റുകളിലാണ് അവരുടെ പ്രതീക്ഷ. ഉപമുഖ്യമന്ത്രി പദം വേണ്ടന്ന് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞെങ്കിലും, ഭരണം കിട്ടിയാല്‍, ഈ പദവിക്കായി ലീഗ് അവകാശവാദം ഉന്നയിക്കും. ഉപമുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചാണ്, കുഞ്ഞാലിക്കുട്ടിയും ഇത്തവണ മത്സരിച്ചിരിക്കുന്നത്. ഭരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍, ലീഗിലും, മന്ത്രി സ്ഥാന മോഹികള്‍ തലപൊക്കി തുടങ്ങിയിട്ടുണ്ട്.ആര്‍.എസ്.പി നേതൃത്വം, ഷിബു ബേബി ജോണിനെ തന്നെ വീണ്ടും മന്ത്രിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സില്‍, ജോസഫിന്റെ കാര്യം നേതൃത്വം ഉറപ്പിക്കുമ്പോള്‍, മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍, ത്രിശങ്കുവിലാണ്. എത്ര സീറ്റില്‍ ജയിക്കാന്‍ കഴിയുമെന്ന ഉറപ്പില്ലങ്കിലും, ഭരണം കിട്ടിയാല്‍, രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടാനാണ് ജോസഫിന്റെ തീരുമാനം. അതേസമയം, മന്ത്രിസഭയെ കുറിച്ച് ഒരു ചര്‍ച്ചയും നടക്കാത്തത് ഇടതുപക്ഷത്ത് മാത്രമാണ്. ഫല പ്രഖ്യാപനം വന്നു കഴിഞ്ഞു മാത്രം തീരുമാനം, എന്ന നിലപാടിലാണ് ഇടതുപക്ഷം. ഇക്കാര്യത്തില്‍, ജോസ് വിഭാഗം കേരള കോണ്‍ഗ്രസ്സും, സി.പി.ഐയും സി.പി.എം നിലപാടിനൊപ്പം തന്നെയാണ്. ഇടതുപക്ഷ സര്‍ക്കാറിന്റെ, സാധ്യത മന്ത്രിപട്ടിക പുറത്തിറക്കി ഇപ്പോള്‍ മത്സരിക്കുന്നത്, സോഷ്യല്‍ മീഡിയ മാത്രമാണ്. അതിനാകട്ടെ, വലിയ പ്രാധാന്യം, ഇടതുപക്ഷം നല്‍കുന്നുമില്ല.

 

വ്യക്തമായ ഭൂരിപക്ഷം നേടി ഇടതുപക്ഷം, ഭരണ തുടര്‍ച്ച നേടുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ഏത് ഉറച്ച സീറ്റുകള്‍ നഷ്ടപ്പെട്ടാലും, അപ്രതീക്ഷിതമായ വിജയങ്ങള്‍, ചില മണ്ഡലങ്ങളില്‍ ഉണ്ടാകുമെന്നു തന്നെയാണ്, പാര്‍ട്ടി നേതൃത്വം കണക്കു കൂട്ടുന്നത്. എം.എല്‍.എ പദവിയും മന്ത്രി പദവിയും ഇപ്പോഴേ സ്വപ്നം കാണുന്നവര്‍ക്ക്, ഫലം വരുമ്പോള്‍, തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണ് ഉണ്ടാവുകയെന്ന പരിഹാസവും  സി.പി.എം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. തുടര്‍ ഭരണത്തിലൂടെ, കേരളത്തിന്റെ ചരിത്രം തിരുത്താന്‍ പോകുന്നത് ഇടതുപക്ഷമാണെന്ന കാര്യത്തില്‍, അവര്‍ക്കാര്‍ക്കും തന്നെ ഒരു സംശയവുമില്ല. നിശബ്ദമായ തരംഗത്തിലാണ് , ചുവപ്പിന്റെ പ്രതീക്ഷകള്‍ ഉള്ളത്. സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളും, വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറിയാല്‍ ഇടതുപക്ഷത്തിനു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും ഏറെ സാധ്യത കല്‍പ്പിക്കുന്നത്.

Top