വാഷിങ്ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് നിലവില്‍ വിശ്വസിക്കുന്നതിനേക്കാള്‍ നാല് കോടി വര്‍ഷം അധികം പഴക്കമുണ്ടെന്ന് പുതിയ പഠനങ്ങള്‍. 1972-ല്‍ അപ്പോളോ 17ലെ ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്ര ശിലകള്‍ പഠിച്ച ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ചിക്കാഗോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ചന്ദ്രന്റെ പ്രായം 4.46 ബില്യണ്‍ (446 കോടി) വര്‍ഷമാണെന്നാണ് പുതിയ കണ്ടെത്തല്‍.
സൗരയൂഥം രൂപീകൃതമായി ഏകദേശം 60 ദശലക്ഷം വര്‍ഷത്തിന് ശേഷമാണ് ചന്ദ്രന്‍ ഉണ്ടായതെന്നായിരുന്നു പുതിയ നിഗമനം. സൗരയൂഥത്തിന് ശേഷം ഏകദേശം 108 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെ ധരിച്ചിരുന്നത്. ചന്ദ്രന്റെയും ഭൂമിയുടെയും ചരിത്രവും സ്വാധീനവും മനസ്സിലാക്കാന്‍ കൃത്യമായ പ്രായം അറിയുന്നത് സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ചന്ദ്രന്‍ ഇല്ലെങ്കില്‍ ഭൂമിയിലെ ജീവന്‍ വ്യത്യസ്തമായി കാണപ്പെടുമെന്നും നമ്മുടെ പ്രകൃതി വ്യവസ്ഥയുടെ ഭാഗമാണെന്നും ചന്ദ്രന്റെ പ്രായം കൃത്യമായി മനസ്സിലാക്കുന്നത് വലിയ നേട്ടമാണെന്നും സര്‍വകലാശാലയിലെ പഠനത്തിന് നേതൃത്വം വഹിച്ചതില്‍ ഒരാളായ പ്രൊഫസര്‍ ഫിലിപ്പ് ഹെക്ക് പറഞ്ഞു.
ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രന്‍ ഉണ്ടായതെന്നാണ് ശാസ്ത്രവാദം. എന്നാല്‍ കൂട്ടിയിടിയുടെ കൃത്യമായ സമയവും, ചന്ദ്രന്റെ രൂപീകരണവും ഇന്നും ശാസ്ത്രലോകത്തിന്റെ അന്വേഷണ പരിധിക്കുള്ളിലാണ്. 1972-ല്‍ ശേഖരിച്ച ചന്ദ്രന്റെ സാമ്പിളുകളില്‍ കണ്ടെത്തിയ ‘സിര്‍ക്കോണ്‍’ എന്ന ധാതു ശാസ്ത്രജ്ഞര്‍ പഠിച്ചു. ചന്ദ്രന്റെ ആദ്യകാലത്തെ ഉരുകിയ ഘട്ടത്തില്‍ രൂപംകൊണ്ട സിര്‍ക്കോണ്‍ പരലുകള്‍, ചന്ദ്രന്റെ സൃഷ്ടിക്ക് ശേഷം ഉണ്ടായി വന്ന ആദ്യത്തെ ഖരവസ്തുക്കളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.
ചന്ദ്രനിലെ പാറയുടെ കഷ്ണത്തിനുള്ളിലെ ആറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. ഇലക്ട്രോണുകളുടെ ഒരു ഫോക്കസ്ഡ് ബീം ഉപയോഗിച്ചാണ് പ്രായ നിര്‍ണയ പരീക്ഷണം നടത്തിയതെന്ന് യുകെയിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ജെനിക ഗ്രെയ്ര്‍ പറഞ്ഞു. ആറ്റങ്ങളെ ലേസര്‍ ഉപയോഗിച്ച് നീരാവിയാക്കി. തുടര്‍ന്ന് അവ എത്ര വേഗത്തില്‍ നീങ്ങുന്നു, എത്ര ഭാരമുള്ളതാണ് എന്നത് മനസ്സിലാക്കാനായി. അടങ്ങിയിരിക്കുന്ന യുറേനിയത്തിന്റെയും ലെഡ് ആറ്റങ്ങളുടെയും അളവ് ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ സാമ്പിളിന്റെ പ്രായം നിര്‍ണ്ണയിക്കുകയും ചെയ്തു. പഠനം ഒക്ടോബര്‍ 20ന് ശാസ്ത്ര ജേണല്‍ ജിയോകെമിക്കല്‍ പെര്‍സ്‌പെക്റ്റീവ് ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ചു.