കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ സി.ബി.ഐ അന്വേഷണം സാധ്യമാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ.രമ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിലവില്‍ നിരവധിപ്പേര്‍ വിചാരണ നേരിടുകയും പലരേയും കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഢാലോചനാ ആരോപണവും അന്ന് പൊലീസ് അന്വേഷിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രതികളെ ശിക്ഷിച്ചത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഇപ്പോള്‍ ഗൂഢാലോചനാ കുറ്റം ചുമത്തി സി.ബി.ഐയ്ക്ക് അന്വേഷിക്കാന്‍ കഴിയുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പുതിയ പ്രതികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. മൂന്ന് എഫ്.ഐ.ആറുകളാണ് കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. ഈ എഫ്.ഐ.ആറുകളിലെല്ലാം നിയമപരമായ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സി.ബി.ഐ അന്വേഷണം സാധ്യമാകൂവെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.