സിന്ധ്യയുടെ വെടിക്കെട്ടില്‍ കോണ്‍ഗ്രസ് ‘ഹോളി’ കുളമായി;കണക്കിലെ കളി ഇങ്ങനെ

ഹോളി നിറങ്ങള്‍ വാരിവിതറി ആഘോഷിക്കേണ്ട സമയമാണ്. പക്ഷെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആഘോഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ പൊട്ടിച്ച വെടിക്കെട്ടാണ് കോണ്‍ഗ്രസിന്റെ ഹോളി കുളമാക്കിയത്. ഒന്നര വര്‍ഷം മാത്രം പ്രായമായ കമല്‍നാഥ് സര്‍ക്കാരിന്റെ ആയുസ്സ് കൈയ്യാലപ്പുറത്തെ തേങ്ങയാക്കിയാണ് സിന്ധ്യയുടെ നീക്കം.

കോണ്‍ഗ്രസിലെ ഉന്നതനായ നേതാവായിരുന്നെങ്കിലും ഒരു എംപിയോ, എംഎല്‍എയോ പോലുമല്ല നിലവില്‍ ജ്യോതിരാദിത്യ സിന്ധ്യ. കമല്‍നാഥ് സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഇരുപതോളം എംഎല്‍എമാര്‍ ബെംഗളൂരുവിലേക്ക് വിമാനം പിടിച്ചതോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ അങ്കലാപ്പിന് തുടക്കമായത്. ഈ എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ പ്രചരിച്ചു.

ഇങ്ങനെ സംഭവിച്ചാല്‍ ചെറിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് വിശ്വാസം തെളിയിക്കുന്നത് എളുപ്പമാകില്ല. ഒടുവില്‍ ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുക കൂടി ചെയ്തതോടെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വ്യക്തമായത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിന്ധ്യ രാജിവെയ്ക്കുകയും ചെയ്തു.

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലുള്ളത്. ഇതില്‍ രണ്ട് പേര്‍ തെരഞ്ഞെടുപ്പിന് ശേഷം മരണപ്പെട്ടു. ഇതോടെ 228 അംഗങ്ങളാണ് സഭയിലുള്ളത്. ഭൂരിപക്ഷത്തിന് 115 എംഎല്‍എമാര്‍ വേണം. സിന്ധ്യ ഉള്‍പ്പെടെ 22 എംഎല്‍എമാരാണ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ സഭയുടെ ശക്തി 206 ആയി ചുരുങ്ങി.

അങ്ങിനെ വരുമ്പോള്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ് സഖ്യത്തിന് ആകെ എംഎല്‍എമാര്‍ 99 ആയി മാറി. മറുവശത്ത് പ്രതിപക്ഷത്തുള്ള ബിജെപിക്ക് 107 എംഎല്‍എമാരുണ്ട്. ഭൂരിപക്ഷത്തിന് ആവശ്യം 104 എംഎല്‍എമാരുടെ പിന്തുണയും. ഇതോടെ കമല്‍നാഥ് സിംപിളായി താഴെ വീഴുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്, ഒപ്പം മധ്യപ്രദേശില്‍ വീണ്ടും താമര വിരിയുമെന്നും!

Top