ഗൂഗിള്‍ പേ അടക്കമുള്ള യു.പി.ഐ ഉപയോഗിച്ച് തെറ്റായ വ്യക്തിക്ക് പണം അയച്ചാൽ എങ്ങനെ തിരിച്ചു കിട്ടും….!

ദില്ലി: യൂണിഫേഡ് പേയ്‌മെന്റ് ഇന്റർഫേസും (UPI) അത് ഉപയോഗപ്പെടുത്തുന്ന ആപ്പ് സംവിധാനങ്ങളും ഇന്നത്തെ ജനതയുടെ പണമിടപാട് രീതികളില്‍ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നത്. വഴിയോരക്കച്ചവടക്കാർ മുതൽ വൻകിട റീട്ടെയിൽ ശൃംഖലകൾ വരെ ഇന്ന് രാജ്യത്ത് യുപിഐ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു.

ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് അതിവേഗത്തില്‍ നടത്താന്‍ ഈ സംവിധാനം ഉപകരിക്കുന്നു. ശരിയായ തുക ബാങ്ക് അക്കൗണ്ടിലേക്ക് ഉടൻ ട്രാൻസ്ഫർ ചെയ്യാനും ഉപയോക്താവിനെ ഇത് സഹായിക്കുന്നതിലൂടെ പല ഇടപാടുകളിലും പണം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുന്നുണ്ട്.

യുപിഐ സുരക്ഷിതമായ ഒരു പേയ്‌മെന്റ് രീതിയാണെങ്കിലും, ചിലപ്പോള്‍ ചില പിശകുകൾ കാരണം നിങ്ങള്‍ക്ക് പണം നഷ്‌ടപ്പെടാം. അതില്‍ എപ്പോഴും പറ്റുന്ന തെറ്റ്, തെറ്റായ യുപിഐ ഐഡി നൽകി ആര്‍ക്കാണോ പണം അയക്കേണ്ടത് അയാള്‍ക്കാല്ലാതെ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം അയയ്‌ക്കുന്നകാണ്. ഈ സാഹചര്യങ്ങളിൽ ഭൂരിഭാഗം ആളുകളും വലിയ ടെന്‍ഷനിലാകും, ആ പണം തിരിച്ചുകിട്ടുമോ എന്നതില്‍ പ്രത്യേകിച്ച് വലിയ തുകയാണെങ്കില്‍. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഇത്തരത്തില്‍ തെറ്റായി അയച്ച പണം നിങ്ങൾക്ക് തിരികെ ലഭിക്കും.

ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട വ്യക്തി പേയ്‌മെന്റ് സംവിധാനത്തിൽ ആദ്യം പരാതി നൽകണം. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ സ്ഥാപനങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ഓഫീസുകൾ വഴി നിങ്ങൾക്ക് റീഫണ്ട് അഭ്യർത്ഥിക്കാം. പേയ്‌മെന്റ് സേവനത്തിന് പ്രശ്‌നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട ആർബിഐയുടെ ഓംബുഡ്‌സ്മാനെ ബന്ധപ്പെടുക.

ഇടപാട് നടത്താൻ നിങ്ങൾ ഉപയോഗിച്ച മൊബൈൽ ആപ്പ് വഴി നിങ്ങൾക്ക് പേയ്‌മെന്റ് ആപ്പുകളുടെ കസ്റ്റമർ കെയർ ടീമുകളുമായോ ബാങ്കുകളുമായോ നേരിട്ട് ബന്ധപ്പെടാം. ഇടപാട് ഐഡിയും മറ്റ് കാര്യങ്ങളും ആപ്പ് രേഖപ്പെടുത്തുന്നു. അത് നിങ്ങൾക്ക് സ്‌ക്രീൻഷോട്ട് ചെയ്യാനോ ഉപയോഗപ്രദമാകുമ്പോൾ എവിടെയെങ്കിലും രേഖപ്പെടുത്താനോ കഴിയും.

ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിന് ഓംബുഡ്സ്മാൻ എന്നറിയപ്പെടുന്ന ഒരു മുതിർന്ന വ്യക്തിയെ ആർബിഐ നിയോഗിച്ചിട്ടുണ്ട്. യുപിഐ, ഭാരത് ക്യുആർ കോഡ്, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവയുൾപ്പെടെയുള്ള ഇടപാടുകൾക്കായുള്ള ആർബിഐ മാനദണ്ഡത്തിൽ നിന്ന് ആപ്പ് പിന്നോട്ട് പോകുന്നുവെന്ന് തോന്നിയാല്‍ ഉപയോക്താവിന് ഇവിടെ പരാതിപ്പെടാം. ന്യായമായ സമയത്തിനുള്ളിൽ തുക തിരികെ നൽകുന്നതിൽ ആപ്പ് പരാജയപ്പെട്ടാല്‍ പരാതി നല്‍കാം. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ ഫണ്ട് അയച്ചാലും ഓംബുഡ്സ്മാനോട് പരാതിപ്പെടാം.

Top