ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന മെഗാസ്വീകരണ പരിപാടിയായ ഹൗഡി മോദിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൂസ്റ്റണിലെത്തി.
ഹൂസ്റ്റണിലെ എന്‍ആര്‍ജി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന പരിപാടിയുടെ എല്ലാ ഒരുക്കവും പൂര്‍ത്തിയായി. മൂന്നു മണിക്കൂര്‍ ദീര്‍ഘിക്കുന്ന പരിപാടിയില്‍ അമേരിക്കയിലെ അരലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വേദി പങ്കിടുമെന്ന പ്രത്യേകതയുണ്ട്. മോദിയും ട്രംപും ഒരു വേദിയിലെത്തുന്നത് കാണാന്‍ അരലക്ഷം പേരെത്തും. ചടങ്ങില്‍ ട്രംപിന്റെ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഹൂസ്റ്റണില്‍ കനത്ത മഴയും പ്രളയവും ഉണ്ടായെങ്കിലും അതൊന്നും ഹൗഡി മോദി പരിപാടിയെ ബാധിക്കില്ലെന്നാണ് സംഘാടകര്‍ പറയുന്നത്.
ഇന്ത്യ-അമേരിക്ക ഉഭയകക്ഷിബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് സന്ദര്‍ശനമെന്ന് യാത്രയ്ക്ക് മുന്‍പ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇരുപത്തിയേഴിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയിലും പ്രധാനമന്ത്രി പ്രസംഗിക്കും. ഊര്‍ജവ്യവസായത്തിലെ ഭീമന്‍മാരായ പതിനാറ് കമ്പനികളുടെ മേധാവിമാരുമായുള്ള കൂടിക്കാഴ്ചയാണ് സന്ദര്‍ശനത്തിലെ ആദ്യ പരിപാടി.