ഹൃത്വിക് റോഷൻ അഭിനയിച്ച പരസ്യത്തിനു നേരെ ആക്രമണം; വിശദീകരണവുമായി സൊമാറ്റോ

ഭക്ഷണ വിതരണ കമ്പിനിയായ സൊമാറ്റോയ്ക്കായി ഹൃത്വിക് റോഷൻ അഭിനയിച്ച പരസ്യമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളിലുള്ള വൈവിധ്യമാര്‍ന്ന രുചികളെ പരിചയപ്പെടുത്തുന്ന പരസ്യത്തിലെ ഒരു ഭാഗമാണ് വിവാദമായിരിക്കുന്നത്.

മധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രസാദമായി ഥാലി മീല്‍സ് നല്‍കാറുണ്ട്. ഉജ്ജയിനിയില്‍ തന്നെയുള്ള ‘മഹാകല്‍’ എന്ന റെസ്റ്റോറന്‍റിലാണെങ്കില്‍ പ്രധാന മെനുവാണ് ഥാലി. ഇതുദ്ദേശിച്ചായിരുന്നു പരസ്യം ചെയ്തത്. എന്നാല്‍ ക്ഷേത്രത്തിലെ ഥാലിയായി ഇത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.

ഉജ്ജയിനിയിലെ ഥാലി കഴിക്കാൻ ആഗ്രഹം തോന്നി, അപ്പോള്‍ മഹാകലില്‍ നിന്നും അത് ഓര്‍ഡര്‍ ചെയ്തു എന്നാണ് പരസ്യത്തില്‍ ഹൃത്വിക് റോഷൻ പറയുന്നത്. ക്ഷേത്രത്തിലെ പ്രസാദം വില്‍പനയ്ക്ക് ഉള്ളതല്ലെന്നും ഇത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കാണിച്ച് മഹാകലേശ്വര്‍ ക്ഷേത്രത്തിലെ പൂജാരികള്‍ തന്നെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കളക്ടറെയും സമീപിച്ചു. പിന്നാലെ പരസ്യത്തിനും സൊമാറ്റോയ്ക്കും എതിരായി കാര്യമായ ക്യാംപയിൻ തന്നെ നടന്നു. ഇതോടെ പരസ്യം പിൻവലിച്ച് വിശദീകരമവുമായി എത്തിയിരിക്കുകയാണ് സൊമാറ്റോ.

തങ്ങള്‍ ഉദ്ദേശിച്ചത് മഹാകല്‍ റെസ്റ്റോറന്‍റ് ആണെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ആഗ്രഹിച്ചിട്ടില്ല, അങ്ങനെ സംഭവിച്ചെങ്കില്‍ അതില് ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് കമ്പനി വിശദീകരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ഉജ്ജയിനിയില്‍ ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിക്കാറുള്ളൊരു റെസ്റ്റോറന്റ് ആണ് മഹാകല്‍ എന്നും അവിടെ തന്നെ ഥാലിയാണ് കൂടുതല്‍ പേര്‍ ആവശ്യപ്പെടാറെന്നും സൊമാറ്റോ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു.

Top