ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ പരസ്യമായി വിമര്‍ശിച്ച മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും അതല്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ബാഡ്മിന്റണ്‍ അസോസിയേഷന്‍ അയച്ച നോട്ടീസില്‍ പറയുന്നു.
അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാത്തതിനാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ എച്ച്.എസ് പ്രണോയി പരസ്യമായി വിമര്‍ശിച്ചത്.
അതേസമയം ഫെബ്രുവരിയില്‍ മനിലയില്‍ നടന്ന ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാതിരുന്ന കിഡംബി ശ്രീകാന്തിനെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാത്തതിന് മാപ്പ് പറഞ്ഞതോടെയാണ് ശ്രീകാന്തിന്റെ പേര് ഖേല്‍രതനയ്ക്ക് നിര്‍ദേശിച്ചത്.
ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ പ്രണോയിയും കളിച്ചിരുന്നില്ല. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതെ ശ്രീകാന്തും പ്രണോയിയും ബാഴ്‌സലോണയില്‍ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോയതായിരുന്നു. അനുമതിയില്ലാതെ ചാമ്പ്യന്‍ഷിപ്പിനിടെ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോയതിന് ഇരുവരോടും അസോസിയേഷന്‍ വിശദീകരണം തേടിയിരുന്നു.
ശ്രീകാന്ത് ഇ-മെയില്‍ വഴി വിശദീകരണം നല്‍കിയെന്നും തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് മാപ്പ് പറഞ്ഞതായും അസോസിയേഷന്‍ വ്യക്തമാക്കി. ഇതോടെ ശ്രീകാന്തിന്റെ പ്രകടനം കണക്കിലെടുത്ത് ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നെന്നും അസോസിയേഷന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സിംഗിള്‍സ് താരമായ സമീര്‍ വര്‍മ, ഡബിള്‍സ് താരങ്ങളായ സാത്വിക്‌സായ്രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെയാണ് അസോസിയേഷന്‍ അര്‍ജുന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്.