ഗുജറാത്ത് ലയണ്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഹൈദരാബാദ് പ്ലേഓഫില്‍ കടന്നു

കാണ്‍പൂര്‍: ഐ.പി.എല്‍ പത്താം സീസണ്‍ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഹൈദരാബാദ് പ്ലേഓഫില്‍ കടന്നു. ക്യാപ്റ്റന്റെ റോള്‍ കൃത്യമായി ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിച്ച ഡേവിഡ് വര്‍ണറുടെയും ( 52 പന്തില്‍ 69 റണ്‍സ്) വിജയ് ശങ്കറിന്റെയും (44 പന്തില്‍ 63 റണ്‍സ്) ചിറകിലേറിയാണ് ഹൈദരാബാദിന്റെ വിജയം.

ഗുജറാത്ത് മുന്നോട്ടുവച്ച 154 വിജയലക്ഷ്യം പതിനൊന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടന്നത്. സ്‌കോര്‍; ഗുജറാത്ത് – 19.2 ഓവറില്‍ 154/10, ഹൈദരാബാദ് – 18.2 ഓവറില്‍ 158/2.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് ഡ്വെയ്ന്‍ സ്മിത്തും (33 പന്തില്‍ 54) ഇഷാന്‍ കിഷനും (40 പന്തില്‍ 61 റണ്‍സ്) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 10.5 ഓവറില്‍ ഇരുവരും 111 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ സ്മിത്തിനെ റാഷിദ് ഖാന്‍ വിക്കറ്റ് മുന്നില്‍ കുടുക്കി പുറത്താക്കിയ ശേഷം പിന്നീടെത്തിയ ഗുജറാത്ത് ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും താളം കണ്ടെത്താനായില്ല. കൃത്യമായ ഇടവേളകളില്‍ ഒന്നിനു പിറകേ ഒന്നായി തിരികെ കയറി. സ്മിത്തിനും റാഷിദ് ഖാനും പുറമേ രവീന്ദ്ര ജഡേജയ്ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനുമാണ് ആശ്വാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഗുജറാത്തിന്റെ നട്ടെല്ലൊടിച്ചത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദ് നിലവില്‍ പതിനേഴ് പോയന്റോടെ പോയന്റ് പട്ടികയില്‍ മുംബൈക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ്. ഗുജറാത്ത് നേരത്തെ ലീഗില്‍ നിന്ന് പുറത്തായിരിന്നു. 14 മത്സരങ്ങളില്‍ ആകെ നാലെണ്ണത്തില്‍ മാത്രമാണ് റെയ്നയ്ക്കും സംഘത്തിനും വിജയിക്കാനായത്.

Top