അനധികൃത സ്വത്ത് സമ്പാദനം; പാക്ക് മന്ത്രി അറസ്റ്റില്‍

ലാഹോര്‍: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ പാക്ക് പഞ്ചാബ് കാബിനറ്റ് മന്ത്രിയും പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ്(പിടിഐ) മുതിര്‍ന്ന നേതാവുമായ അബ്ദുള്‍ അലീം ഖാന്‍ അറസ്റ്റില്‍. ലാഹോര്‍ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

918 മില്യണ്‍ രൂപ മൂല്യം വരുന്ന വസ്തുവകകള്‍ അലീം ഖാന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി പാക്ക് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതില്‍ 159 മില്യണ്‍ രൂപയുടെ സ്വത്തുക്കള്‍ ഖാന്റെ സ്വന്തം പേരിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖാനെ വ്യാഴാഴ്ച എന്‍എബി കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായതിന് പിന്നാലെ ഖാന്‍ മന്ത്രിസ്ഥാനം രാജിവച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഐടി മന്ത്രി ഫയാസുല്‍ ഹസന്‍ ചോഹന്‍ ഇക്കാര്യം തള്ളി രംഗത്തെത്തി.

Top