ചൈനയില്‍ വന്‍ ഭൂചലനം

ബെയ്ജിങ്: ചൈനയില്‍ വന്‍ ഭൂചലനം. നൂറിലധികം പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറന്‍ ഖന്‍സു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായുമാണ് വിവരം.

ജല, വൈദ്യുതി ലൈനുകള്‍ക്കും ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ ഭൂകമ്പങ്ങളുണ്ടാകുന്നത് ഇതാദ്യമല്ല. ഓഗസ്റ്റില്‍, കിഴക്കന്‍ ചൈനയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു.

നിരവധി ചെറിയ തുടര്‍ചലനങ്ങളും ഉണ്ടായി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നിര്‍ദേശം നല്‍കി. ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പ്രസിഡന്റ് നിര്‍ദേശം നല്‍കിയതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വിന്‍ഗായ് പ്രവിശ്യയിലും തുടര്‍ചലനം ഉണ്ടായി.

Top